ആംസ്റ്റര്‍ഡാം - ദക്ഷിണാഫ്രിക്കയില്‍നിന്ന് രണ്ട് വിമാനങ്ങളിലായി ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ എത്തിയ 13 പേരില്‍ പുതിയ കൊറോണ വൈറസ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തി. കൊറോണ വൈറസ് പോസിറ്റീവ് ആയ 61 യാത്രക്കാരില്‍ ഇവരും ഉള്‍പ്പെടുന്നു.
റെക്കോര്‍ഡ് കോവിഡ് കേസുകള്‍ക്കും പുതിയ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഇടയില്‍ നെതര്‍ലാന്‍ഡ്‌സില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട്.
ബുധനാഴ്ചയാണ് ദക്ഷിണാഫ്രിക്ക ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യു.എച്ച്.ഒ) ഒമിക്രോണിനെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
ഡച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഹെല്‍ത്ത് ഞായറാഴ്ച 13 ഒമിക്രോണ്‍ കേസുകള്‍ പ്രഖ്യാപിച്ചു.
ഡച്ച് ആരോഗ്യമന്ത്രി ഹ്യൂഗോ ഡി ജോംഗ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ആളുകള്‍ എത്രയും വേഗം കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ അഭ്യര്‍ഥിച്ചു. നെതര്‍ലന്‍ഡ്സില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
യു.കെ, ജര്‍മ്മനി, ഇറ്റലി തുടങ്ങി യൂറോപ്പിലെ നിരവധി രാജ്യങ്ങള്‍ ഉള്‍പ്പെടെ, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ പുതിയ വേരിയന്റിന്റെ കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.