കൊച്ചി- ഫസല്‍ വധക്കേസില്‍ സമ്മര്‍ദത്തിന് വഴങ്ങാതിരുന്നതിന് സര്‍ക്കാരും മുഖ്യമന്ത്രിയും നീതി നിഷേധിച്ചെന്ന് പരാതിപ്പെട്ട മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കെ. രാധകൃഷ്ണന് വാഹനാപകടത്തില്‍ പരിക്ക്.
വെള്ളിയാഴ്ച തൃപ്പൂണിത്തുറയിലെ വീടിനു മുന്നില്‍വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്തുവന്ന സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം. സംഭവത്തില്‍ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തിട്ടുണ്ട്. ദുരൂഹതയില്ലെന്ന് പോലീസ് പറയുന്നു. നടുവിനും തലയ്ക്കും പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
സ്ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ് നേടി ആറുമാസം മുന്‍പു വിരമിച്ച രാധാകൃഷ്ണന്‍ ബാംഗ്ലൂരില്‍ സെക്യൂരിറ്റി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടിലെത്തിയത്.
ഫസല്‍ വധക്കേസില്‍ സി.പി.എം. നേതാക്കളെ അന്വേഷണ പരിധിയിലെത്തിച്ച മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് കെയരാധകൃഷ്ണന്‍. സി.പി.എം. ഇപ്പോഴും വേട്ടയാടുന്നു എന്നും ജീവിക്കാന്‍ വേറെ വഴിയില്ലാത്തതിനാലാണ് സെക്യൂരിറ്റി ജോലിയ്ക്ക് ഇറങ്ങിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. പിണറായി സര്‍ക്കാരെത്തിയതിന് പിന്നാലെ ഒരു കേസില്‍ പ്രതിയാക്കി സസ്പെന്‍ഡ് ചെയ്തു. വിരമിക്കും വരെ തിരിച്ചെടുത്തില്ല. നാലര വര്‍ഷം നീണ്ട സസ്പെന്ഷന്‍ കാലയളവിലെ ആനുകൂല്യങ്ങളോ പെന്‍ഷനോ നല്‍കിയിട്ടുമില്ല. അപേക്ഷയുമായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആത്മഹത്യ അല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ അങ്ങനെ ആയിക്കോട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.






