കാസര്‍കോട് -വിദേശരാജ്യങ്ങളില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തിനകത്തും അതിര്‍ത്തികളിലും പരിശോധനകള്‍ കടുപ്പിക്കുകയാണ് കര്‍ണാടക. കോവിഡ് ഭീതി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ലാത്ത കേരളത്തില്‍ നിന്നും എത്തുന്ന വിദ്യാര്‍ഥികളെ അതിര്‍ത്തികളില്‍ കര്‍ശന പരിശോധനക്ക് വിധേയരാക്കുകയാണ്. ഇതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. നേരിയ ഇടവേളക്ക് ശേഷം അതിര്‍ത്തി കടക്കാന്‍ വീണ്ടും ആര്‍ .ടി .പി .സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കര്‍ണ്ണാടക നിര്‍ബന്ധം പിടിക്കുകയാണ്. കേരളത്തില്‍ നിന്ന് രണ്ടാഴ്ച മുമ്പുവരെ കര്‍ണാടകയില്‍ എത്തിയ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികളെ വീണ്ടും ആര്‍.ടി പി.സി.ആര്‍ പരിശോധന നടത്തും. ഹോസ്റ്റലില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ പി .സി .ആര്‍ പരിശോധന നടത്തി ഏഴു ദിവസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് നടത്താനാണ് തീരുമാനം. കേരളവുമായും മഹാരാഷ്ട്രയുമായും അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും ദേശീയപാതകളിലും ആണ് പരിശോധന കര്‍ശനമാക്കിയത്. തലപ്പാടിയിലും പെര്‍ളയിലും പാണത്തൂരിലുമുള്ള അതിര്‍ത്തി കടന്നുള്ള ചെക്ക്‌പോസ്റ്റില്‍ മൂന്ന് ഷിഫ്റ്റുകളിലായി പരിശോധനയ്ക്ക് ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് മംഗളൂരു ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരെയും പരിശോധന നടത്തിയശേഷം പുറത്തുവിടും. കോവിഡ് കണ്ടെത്തിയാല്‍ ഉടന്‍തന്നെ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍, കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാംസ്‌കാരിക പരിപാടികളും കലാമേളയും നടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മെഡിക്കല്‍ കോളേജുകളിലും നഴ്‌സിംഗ് കോളേജുകളിലും പരിശോധന കര്‍ശനമാക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒട്ടും വീഴ്ച വരാതെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. പരിശോധന വീണ്ടും കര്‍ശനമാക്കിയത് അതിര്‍ത്തി കടന്നു പോകുന്ന മലയാളികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.