Sorry, you need to enable JavaScript to visit this website.

മന്ത്രി സ്മൃതി ഇറാനിയുടെ മാർക്ക് രഹസ്യമാക്കി വെക്കാനാകില്ലെന്ന് ദൽഹി ഹൈക്കോടതി

ന്യൂദൽഹി- വ്യാജ വിദ്യാഭ്യാസ യോഗ്യതകൾ കാണിച്ചുവെന്ന പേരിൽ ആരോപണ വിധേയയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷാ മാർക്ക് രഹസ്യമാക്കി വെക്കാനാവില്ലെന്ന് ദൽഹി ഹൈക്കോടതി. സി.ബി.എസ്.ഇ പരീക്ഷാ മാർക്കുകൾ ഓൺലൈനിൽ ലഭ്യമാകുമ്പോൾ മുൻ വിദ്യാർത്ഥികളുടെ മാർക്കുകളിൽ സ്വകാര്യതയില്ലെന്നും കോടതി വ്യക്തമാക്കി. ഇറാനിയുടെ 10, 12 ക്ലാസുകളിലെ പരീക്ഷാ മാർക്കുകളുടെ പകർപ്പ് പരസ്യപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ സി.ബി.എസ്.ഇ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷകനാണ് മന്ത്രിയുടെ മാർക്കുകൾ ആദ്യം ആവശ്യപ്പെട്ടത്.

എല്ലാ സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ മാർക്കുകളും ഇന്ന് പൊതുജനത്തിന് ലഭ്യമാണ്. ഇങ്ങനെയാണെങ്കിൽ മുൻ വിദ്യാർത്ഥികളുടെ മാർക്ക് വെളിപ്പെടുത്തുന്നതിന് സ്വകാര്യതാ അവകാശം വിലങ്ങാണെന്ന് പറയാനാവില്ല- കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച നിലവിലുള്ള വസ്തുതാപരമായ സാഹചര്യങ്ങൾ പഠിച്ചശേഷം കോടതിയിൽ അവതരിപ്പിക്കാൻ സി.ബി.എസ്.ഇ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഹർജി മാർച്ച് എട്ടിന് വീണ്ടും പരിഗണിക്കും.

വ്യക്തിപരം, സ്വകാര്യത എന്നീ വാദങ്ങളുന്നയിച്ച് സി.ബി.എസ്.ഇ മന്ത്രിയുടെ മാർക്കുകൾ വിവരാവകാശ അപേക്ഷന് നൽകിയിട്ടില്ല. സ്‌കൂൾ രേഖകൾ പരിശോധിക്കാൻ അപേക്ഷകന് വിവാരകാശ കമ്മീഷൻ അനുമതി നൽകിയിരുന്നു. എന്നാൽ വിവരാവകാശ നിയമപ്രകാരം ഈ രേഖകൾ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു സി.ബി.എസ്.ഇ നിലപാട്. ഒരു ജനപ്രതിനിധി വിദ്യാഭ്യാസ യോഗ്യതകൾ പരസ്യപ്പെടുത്തുന്നുണ്ടെങ്കിൽ അതു പരിശോധിക്കാനുള്ള അവകാശം വോട്ടർക്കുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

Latest News