ന്യൂദൽഹി- സർക്കാർ വകുപ്പുകളുടെ വികസന പ്രവർത്തനങ്ങളും റോഡ്, പാലം, ആശുപത്രി, സ്കൂൾ എന്നിവയുടെ ഉദ്ഘാടനങ്ങളും ഭരിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ പ്രസ്താവനകളും റിപ്പോർട്ട് ചെയ്യാത്ത മാധ്യമപ്രവർത്തകർ യഥാർത്ഥ മാധ്യമപ്രവർത്തകരല്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). ജമ്മുകശ്മീരിൽ സൈന്യത്തിനു നേരെ നടന്ന കല്ലേറു സംഭവങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്്ത ഫ്രീൻലാൻസ് മാധ്യമപ്രവർത്തകൻ കമ്രാൻ യൂസുഫിനെതിരെ എൻ.ഐ.എ കോടതിയിൽ ഉന്നയിച്ച വിചിത്ര വാദങ്ങളാണിത്. യൂസുഫ് ഉൾപ്പെടെ 12 പേർക്കെതിരെ എൻ.ഐ.എ ജനുവരി 18നു സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇതു പറയുന്നത്. യൂസുഫിന്റെ ജാമ്യാപേക്ഷ പരിഗണിച്ച അഡീഷണൽ സെഷൻസ് കോടതി മുമ്പാകെ വ്യാഴാഴ്ച എൻ.ഐ.എ ഈ വാദങ്ങൾ ഉന്നയിച്ചു. കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി.
യൂസുഫ് ഒരു യഥാർത്ഥ മാധ്യമപ്രവർത്തകനായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പരിധിക്കുള്ളിലെ ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു വാർത്ത നല്ലതോ മോശമോ ആയവ റിപ്പോർട്ട് ചെയ്യുമായിരുന്നെന്ന് എൻ.ഐ.എ കോടതിയിൽ പറഞ്ഞു. സർക്കാരിന്റെ ഒരു വികസന പ്രവർത്തനങ്ങളും റോഡിന്റേയും പാലത്തിന്റേയും ഉൽഘാടനങ്ങളോ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ പ്രസ്താവനകളോ യൂസുഫ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എൻ.ഐ.എ വാദിച്ചു. രക്തദാനം, മെഡിക്കൽ ക്യാമ്പ്, ഇഫ്താർ പാർട്ടി, തൊഴിൽ പരിശീലനം തുടങ്ങി സൈന്യം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളൊന്നും യൂസുഫ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കുറ്റ പത്രം പറയുന്നു.






