ഒമിക്രോണ്‍ പ്രഹരശേഷി, കൃത്യമായ വിവരങ്ങള്‍ക്ക് കൂടുതല്‍ പഠനം അനിവാര്യം-ഡോ.സൗമ്യ സ്വാമിനാഥന്‍

ന്യൂദല്‍ഹി- പുതിയ കോവിഡ് വകഭേദത്തിന്റെ സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമായിവരുമെന്നും ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍.
നിലവില്‍ ആധികാരികമായി ഒന്നും പറയാനാകില്ല. അതേസമയം, ഡെല്‍റ്റയെക്കാള്‍ കൂടുതല്‍ വ്യാപനശേഷി ഒമിക്രോണ്‍ വകഭേദത്തിനുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും. മറ്റ് കോവിഡ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  മാസ്‌കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണം. പോക്കറ്റിലെ വാക്‌സിനാണ് മാസ്‌ക്.  അടച്ചിട്ട സ്ഥലങ്ങളിള്‍ മാസ്‌കുകള്‍ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
എല്ലാ മുതിര്‍ന്നവര്‍ക്കും പൂര്‍ണ്ണമായി വാക്‌സിന്‍ നല്‍കുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, കോവിഡ് കേസുകളില്‍ അസാധാരണമായ വര്‍ധന സൂക്ഷ്മമായി നിരീക്ഷിക്കുക എന്നിവയാണ് ഒമിക്രോണിനെതിരെ പ്രതിരോധത്തിനുള്ള ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍. രാജ്യത്തെ പൊതുജനാരോഗ്യ നടപടികള്‍ തുടരണം. വാക്‌സിനേഷന് തന്നെയാണ് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടത്. ഒമിക്രോണ്‍ ധാരാളം ജനിതകമാറ്റങ്ങള്‍ വന്നിട്ടുള്ള ഒരു വകഭേദമാണ്. ഒരു ജീവിയുടെ ജനിതക ഘടന കണ്ടെത്തുന്ന പ്രക്രിയയായ ജീനോം സീക്വന്‍സിംഗ് കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാനമായ ആയുധമായി തന്നെ തുടരും.
യാത്രകള്‍ നിരോധിച്ചതുകൊണ്ട് മുമ്പും കോവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിയാഞ്ഞതിനാല്‍ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള സമീപനം ആവശ്യമാണ്. യാത്രാ നിരോധനങ്ങള്‍ താല്‍ക്കാലികം ആയിരിക്കണമെന്നും ഇടയ്ക്കിടെ അവലോകനം നടത്തേണ്ട വിഷയമാണിതെന്നും അവര്‍ പറഞ്ഞു.

 

Latest News