Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ തൃണമൂല്‍ പങ്കെടുക്കില്ല; പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍

ന്യൂദല്‍ഹി-  തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുന്ന ഒരു യോഗത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ്  റിപ്പോര്‍ട്ട്. 
ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും രീതിയിലുള്ള യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് തൃണമൂലിന്റെ ഗോവ ഘടകം ആവശ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്റെ ചേംബറില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും യോഗം വിളിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലുണ്ടായ ഐക്യത്തിന്റെ വിജയമാണ് ശീതകാല സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസിന് പ്രേരണയായത്. തങ്ങളുടെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി തൃണമൂല്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബി.ജെ.പിയെ എങ്ങനെ നേരിട്ടുവെന്ന് എല്ലാവരും കണ്ടതിനാല്‍ തങ്ങളെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ലെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. 
യോഗത്തില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത് യു.പി.എയുടെ ഭാഗമല്ലാത്ത ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചേക്കാം. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തലവേദനയാണ്. കഴിഞ്ഞ സമ്മേളനത്തില്‍, ബഹുജന്‍ സമാജ് പാര്‍ട്ടി ഒഴികെയുള്ള മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഭരണപക്ഷത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരന്നിരുന്നു. ഭിന്നതകള്‍ മറികടന്ന് പെഗാസസ് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്ന് പാര്‍ലമെന്റ് സ്തംഭിപ്പിച്ചിരുന്നു.
ഗോവയിലും മേഘാലയയിലും കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ തൃണമൂലിന് കഴിഞ്ഞത് വലിയ നേട്ടമായാണ് കാണുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ അടിത്തറയില്‍ തൃണമൂല്‍ വലിയ വിള്ളലാണ് വരുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് പ്രതിപക്ഷ ഐക്യം സംബന്ധിച്ചുള്ള ചര്‍ച്ചകളെന്നുള്ളതും ശ്രദ്ധേയമാണ്.മേഘാലയയിലെ 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേരോളം മമതയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായാണ് സൂചനകള്‍. അസം, ഗോവ, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാണ എന്നിവിടങ്ങളിലും കോണ്‍ഗ്രസിന്റെ ചിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
 

Latest News