Sorry, you need to enable JavaScript to visit this website.

 പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും,  അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ വീണ്ടും വന്നേക്കും 

ന്യൂദല്‍ഹി- മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും. ലോകത്ത് ഒമിക്രോണ്‍ വകഭേദം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോഡി മന്‍ കി ബാത്തില്‍ പ്രതിപാദിക്കുക. രാജ്യത്ത് കോവിഡ് ജാഗ്രത കൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷ.
കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രത നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും വിദേശ യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ എല്ലാം നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റീനും ഏര്‍പ്പെടുത്തി. ഉത്തരാഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാങ്ങളിലെല്ലാം സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രിമാര്‍ പ്രത്യേകം യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഒമിക്രോണ്‍ വകഭേദം വിവിധ ലോകരാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു രാജ്യത്ത് ജാഗ്രത കടുപ്പിക്കാന്‍ നരേന്ദ്രമോഡി ആവശ്യപ്പെട്ടത്. കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങള്‍ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തില്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികള്‍സ്വീകരിക്കണമെന്നും നരേന്ദ്രമോഡി നിര്‍ദേശിച്ചു. ഒമിക്രോണ്‍ വൈറസിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാന്‍ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി ഇന്നലെ സാഹചര്യം വിലയിരുത്തിയത്.
 

Latest News