ബംഗളൂരു- കുത്താനോടി വന്ന പശുവിന്റെ കൊമ്പിൻ തുമ്പിൽനിന്ന് നാലു വയസുകാരനായ സഹോദരനെ രക്ഷിച്ചത് എട്ടുവയസുകാരി ആരതിയുടെ ധീരത. കർണാടകയിലെ ഉത്തര കന്നട ജില്ലയിലെ കര്‍വാറിലാണ് സംഭവം. കുഞ്ഞിനെ പെൺകുട്ടി രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്നു സി.സി.ടി.വി ഒപ്പിയെടുത്തിട്ടുണ്ട്. കുട്ടിയെ സൈക്കിളിലിരുത്തി കളിപ്പിക്കുന്നതിനിടെ പശു ഓടി വരികയായിരുന്നു. കുട്ടിയെ നിരവധി തവണ കുത്താൻ ശ്രമിച്ചെങ്കിലും ആരതി തടഞ്ഞു. കുഞ്ഞിനെ ചേർത്തുപിടിച്ചാണ് ആരതി പശുവിന്റെ അക്രമത്തിൽനിന്ന് തടഞ്ഞത്. ഇതിനിടെ ഓടിവന്ന ഒരാളാണ് പശുവിനെ ഓടിച്ചത്.
ആ നിമിഷം മറ്റൊന്നും ആലോചിക്കാൻ നേരമുണ്ടായിരുന്നില്ലെന്നും സഹോദരനെ രക്ഷിക്കുക മാത്രമായിരുന്നു ആലോചിച്ചതെന്നും ആരതി പറഞ്ഞു. ദൈവസഹായത്താൽ ആർക്കും പരിക്കേറ്റില്ലെന്നും ആരതി വ്യക്തമാക്കി.