Sorry, you need to enable JavaScript to visit this website.

അട്ടപ്പാടിയിലെ ശിശുമരണം; തടയാൻ നടപടിയെന്ന് മന്ത്രി രാധാകൃഷ്ണൻ

പാലക്കാട്- അട്ടപ്പാടിയിലെ ആദിവാസിയൂരുകളിലെ ശിശുമരണങ്ങൾ തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് പട്ടികവിഭാഗ ക്ഷേമമന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മേഖലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിൽ ഏകോപനം ഉറപ്പു വരുത്തുന്നതിന് പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ അഗളിയിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസിയൂരുകളിൽ ഇടക്കിടെ പരിശോധനകൾ നടത്താൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും കുടുംബശ്രീക്കും സപ്ലൈകോക്കും ആദിവാസിയൂരുകളിലെ ക്ഷേമപ്രവർത്തനങ്ങൾക്കായി അടിയന്തിരമായി ഓരോ കോടി രൂപ വീതം അനുവദിക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു. 
കോട്ടത്തറ ആശുപത്രിയെ ഉന്നത നിലവാരത്തിലുള്ള സ്ഥാപനമാക്കി മാറ്റും. കുറവുള്ള ജീവനക്കാരുടെ ഒഴിവുകൾ ഉടൻ നികത്തും. പട്ടികവർഗവകുപ്പ് അതിന്റെ ചെലവ് വഹിക്കും. നൂറു കിടക്കകളുള്ള ആശുപത്രിയാക്കാനാണ് തീരുമാനം. കുട്ടികളുടെ ഐ.സി.യു സൗകര്യം ഏർപ്പെടുത്തും. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പു വരുത്തുന്നതിന് നോഡൽ ഓഫീസറെ നിയമിക്കുന്നതിനു പുറമേ കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് മോണിറ്ററിംഗ് സമിതിയേയും നിയോഗിക്കും. മൂന്നു മാസത്തിലൊരിക്കൽ സമിതി യോഗം ചേരും. ആദിവാസികളെ സ്വയംപര്യാപ്തതയിലെത്തിക്കുന്നതിന് മൈക്രോ ലെവൽ പ്ലാനിംഗ് നടപ്പിലാക്കും. ഓരോ വകുപ്പും അട്ടപ്പാടിയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കും. കുടുംബശ്രീക്കും സപ്ലൈകോക്കും പ്രവർത്തനത്തിനായി ഓരോ കോടി രൂപ വീതം അടിയന്തിരമായി അനുവദിക്കും. വിദ്യാഭ്യാസമേഖലയിലും ഇടപെടലുകൾ ഉണ്ടാവും- മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലേക്ക് ആധുനിക സൗകര്യത്തോടു കൂടിയ ആംബുലൻസ് തന്റെ പ്രാ#േദശിക വികസനഫണ്ടിൽ നിന്ന് നൽകുമെന്ന് യോഗത്തിൽ പങ്കെടുത്ത വി.കെശ്രീകണ്ഠൻ എം.പി അറിയിച്ചു. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 
അട്ടപ്പാടിയിൽ സമീപദിവസങ്ങളിൽ ശിശുമരണം നടന്ന ഊരുകൾ മന്ത്രി രാധാകൃഷ്ണൻ സന്ദർശിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തിരസഹായമെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

 

Latest News