Sorry, you need to enable JavaScript to visit this website.

പിണറായിയുടെ ലക്ഷ്യം വികസനമല്ല, കമ്മീഷൻ-കെ.മുരളീധരൻ എം.പി

ജനജാഗരൺ പദയാത്ര സമാപനം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ - പിണറായി വിജയന്റെ ലക്ഷ്യം വികസനമല്ല, ഇതിലൂടെ ലഭിക്കുന്ന കോടികളുടെ കമ്മീഷനാണെന്നും ഇതിനെയാണ് കോൺഗ്രസ് എതിർക്കുന്നതെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു. കണ്ണൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച ജനജാഗരൺ പദയാത്രയുടെ സമാപനം സ്റ്റേഡിയം കോർണറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ മുരളീധരൻ. കേരളം അതിഭയങ്കരമായ കടക്കെണിയിൽ നിൽക്കുമ്പോഴാണ് കോടികൾ മുടക്കി കെ റെയിൽ പദ്ധതി നടപ്പാക്കാൻ പിണറായി ഒരുങ്ങുന്നത്. ഇവിടെ ശമ്പളവും പെൻഷനും നൽകാനും റോഡ് വികസനം നടത്താനും പണമില്ലാതിരിക്കുമ്പോഴാണ് കടം വാങ്ങി ഈ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനെതിരെ സംസാരിക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കാനാണ് പിണറായി ശ്രമിക്കുന്നത്. കെ. റെയിലിനെ എതിർത്ത കോൺഗ്രസ് എം.പിമാരുടെ ബുദ്ധിക്ക് എന്തോ തകരാറുണ്ടന്ന് പറയാൻ ധാർഷ്ട്യം കാണിച്ചയാളാണ് പിണറായി. മുമ്പ് യു.ഡി.എഫ് സർക്കാർ എക്‌സ്പ്രസ് റോഡ് പദ്ധതി കൊണ്ടുവരുവാൻ ഒരുങ്ങിയപ്പോൾ, പശുവിനെ കെട്ടാൻ കഴിയില്ലന്ന് പറഞ് അതിനെ എതിർത്തു തോൽപ്പിച്ചവരാണ് കേരളത്തിന് കുറുകെ കോട്ടയുയർത്തുന്ന കെ റെയിൽ പദ്ധതി കൊണ്ടുവരുന്നത്. ഒന്നേകാൽ ലക്ഷം കോടി രൂപയുടെ ഈ പദ്ധതിക്ക് പിന്നിൽ ഇവർക്ക് ഒരു ലക്ഷ്യം മാത്രമേയുള്ളൂ - ഇതിൽ നിന്ന് ലഭിക്കുന്ന കമ്മീഷൻ.- മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്തെ ഭരണം ഒരാളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കയാണ്. മന്ത്രിമാർക്ക് അവരുടെ വകുപ്പുകൾ ഏതെന്ന് പോലും അറിയില്ല. വായ തുറന്നാൽ മണ്ടത്തരങ്ങൾ മാത്രം വിളിച്ചു പറയുന്നവരായി മന്ത്രിമാർ മാറി. പോലീസ് സംവിധാനം നാഥനില്ലാക്കളരിയായി. അതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലടക്കം നടന്ന ആത്മഹത്യകൾ. പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുന്നവരെ മൂക്കിൽ പഞ്ഞി വെച്ചാണ് തിരികെ അയക്കുന്നത്. മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ തമിഴ്‌നാടിനെ പിൻതുണച്ചതിലൂടെ സുപ്രീം കോടതിയിലെ കേസ് തോറ്റു കൊടുക്കുന്നതിന് തുല്യമായി.- മുരളീധരൻ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാരിനെ എതിർക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ. ബി.ജെ.പിയെ എതിർക്കുന്നുവെന്ന് പറയുന്ന ത്രിണമൂൽ കോൺഗ്രസ് പ്രത്യക്ഷത്തിൽ അവരെ സഹായിക്കുകയാണ്. നേരത്തെ മന്ത്രിസഭയിൽ ഒപ്പം നിന്ന് ബി.ജെ.പിയെ സഹായിച്ച തൃണമൂൽ, ഇപ്പോൾ എതിർത്തു കൊണ്ട് സഹായിക്കുകയാണ്. ബി.ജെ.പിയെയല്ല, മറിച്ച് കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് മമത ബാനർജിയുടെ ശ്രമം. - മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും തിരിച്ചുവരവിന്റെ പാതയിലാണ്. സംഘടന എന്ന നിലയിൽ പല തെറ്റുകളും സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ഈ തെറ്റുകൾ പരിഹരിച്ച് മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

Latest News