Sorry, you need to enable JavaScript to visit this website.

അടുത്ത വർഷം ആദ്യം കുതിരാൻ രണ്ടാം തുരങ്കവും തുറക്കും; മന്ത്രി.കെ.രാജൻ

തൃശൂർ  - അടുത്ത വർഷം ആദ്യത്തോടെ കുതിരാനിലെ രണ്ടാം തുരങ്കവും തുറക്കാനാകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കുതിരാൻ രണ്ടാം തുരങ്കം നിർമാണ പുരോഗതിയും വഴുക്കുംപാറ മുതൽ കുതിരാൻ വരെയുള്ള ഭാഗങ്ങളിലെ ഗതാഗത കുരുക്കും പരിശോധിക്കാനായി എത്തിയതായിരുന്നു മന്ത്രി. കഴിഞ്ഞ മൂന്നു ദിവസമായി നടപ്പാക്കിയ ഗതാഗത നിയന്ത്രണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ല കലക്ടർ ഹരിത വി കുമാർ, തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യ എന്നിവർക്കൊപ്പമായിരുന്നു മന്ത്രിയുടെ സന്ദർശനം.

ഒന്നാം തുരങ്കത്തിലൂടെ തന്നെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയതോടെയാണ് പ്രദേശത്ത് പലപ്പോഴും ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. പുതിയ ക്രമീകരണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. വഴുക്കുംപാറ സെന്ററിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കി റോഡിന്റെ വളവ് കുറയ്ക്കാനും സർവ്വീസ് റോഡ് കയറ്റം കുറച്ച് നിർമ്മിക്കാനും നിർദ്ദേശമുയർന്നിരുന്നു. വൈകീട്ട് നാല് മണി മുതൽ രാത്രി എട്ട് മണി വരെ തിരക്കേറിയ സമയത്ത് തൃശൂർ, പാലക്കാട് ഹൈവേയിൽ  ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ   ആലോചനയുണ്ട്. എറണാകുളം, പാലക്കാട് ജില്ലാ കലക്ടർമാർ, ഉന്നത പോലീസ്  ഉദ്യോഗസ്ഥർ എന്നിവരുമായി ഇക്കാര്യം ആലോചിക്കുന്നതിന് തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാറിനെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.രാജൻ അറിയിച്ചു.

രണ്ടാം തുരങ്കത്തിലേക്കുള്ള റോഡിന്റെ നിർമ്മാണത്തിനായി നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്ന പാത പൊളിച്ചു നീക്കേണ്ടതുകൊണ്ടാണ് ഒരു തുരങ്കത്തിലൂടെ തന്നെ ഇരു ഭാഗത്തേയ്ക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്.

പീച്ചി സി.ഐ എസ്. ഷുക്കൂർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനി അധികൃതർ എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു

Latest News