Sorry, you need to enable JavaScript to visit this website.
Friday , January   28, 2022
Friday , January   28, 2022

അനുപമ: പൊരുതി നേടിയ വിജയം

എത്രയോ ദിവസങ്ങളായി കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിട്ടും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനം. ഈ വിഷയത്തിൽ ആരോപണ വിധേയമായിട്ടുള്ള ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനാകട്ടെ മുഖ്യമന്ത്രി തന്നെയാണ്. നിയമ സംരക്ഷണം ഉറപ്പു വരുത്തേണ്ട ആഭ്യന്തര വകുപ്പിന്റെ മന്ത്രിയും അദ്ദേഹം തന്നെ. അതിനാൽ തന്നെ ഇക്കാര്യത്തിൽ നേരിട്ടുള്ള ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. 

 

സംസ്ഥാനത്ത് കുറച്ചു ദിവസങ്ങളായി ഏറ്റവും സജീവമായി ചർച്ച ചെയ്യപ്പെടുന്ന, സ്വന്തം കുഞ്ഞിനായുള്ള അനുപമയുടെ പോരാട്ടം ഒരു നിർണായക ഘട്ടം പിന്നിടുകയാണ്. അനുപമക്ക് കുഞ്ഞിനെ തിരിച്ചുകിട്ടി. അതിശക്തരായ വിഭാഗങ്ങളോടും അവരുടെ സൈബർ പോരാളികളോടും പടവെട്ടിയാണ് വിരലിലെണ്ണാവുന്നവരുടെ പിന്തുണയോടെ അനുപമ ഈ വിജയം നേടിയെടുത്തത് എന്നത് ചെറിയ കാര്യമല്ല. ദീപ പി. മോഹനന്റെ പോരാട്ട വിജയത്തിനു ശേഷം കേരളം കാണുന്ന മറ്റൊരു പെൺപോരാട്ട വിജയം.

അതേ സമയം ഇതുമായി ബന്ധപ്പെട്ട് നിരവധി സമസ്യകൾക്ക് ഇനിയും മറുപടി കിട്ടാനുണ്ട്. എത്രയോ ദിവസങ്ങളായി കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിട്ടും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനം. ഈ വിഷയത്തിൽ ആരോപണ വിധേയമായിട്ടുള്ള ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനാകട്ടെ മുഖ്യമന്ത്രി തന്നെയാണ്. നിയമ സംരക്ഷണം ഉറപ്പു വരുത്തേണ്ട ആഭ്യന്തര വകുപ്പിന്റെ മന്ത്രിയും അദ്ദേഹം തന്നെ. അതിനാൽ തന്നെ ഇക്കാര്യത്തിൽ നേരിട്ടുള്ള ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. എന്നിട്ടും അദ്ദേഹം നിശ്ശബ്ദനാണ്. മറുവശത്ത് അദ്ദേഹത്തിന്റ അനുയായികൾ സോഷ്യൽ മീഡിയിയിലും മറ്റും ചെയ്യുന്നത് എന്താണ്? ഇന്നോളം കേരളത്തിൽ ആരും നേരിടാത്തത്രയും അധിക്ഷേപങ്ങളും സൈബർ ആക്രമണങ്ങളുമാണ് അനുപമയും അജിത്തും നേരിടുന്നത്. എന്നാലതിനെയെല്ലാം നിശ്ചയ ദാർഢ്യത്തോടെ ഇരുവരും അതിജീവിക്കുന്ന കാഴ്ചയും നാം കാണുന്നു. 

നിയമപരമായി പരിശോധിച്ചാൽ നടന്നിരിക്കുന്നത് ദത്ത് കൊടുക്കൽ പ്രക്രിയയല്ല. കുട്ടിക്കടത്ത് തന്നെയാണ്. ദത്ത് കൊടുക്കാൻ അധികാരമില്ലാത്തവർ അതു ചെയ്താൽ കുട്ടിക്കടത്തല്ലാതെ മറ്റെന്താണ്? ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ശിശുക്ഷേമ സമിതി ദത്ത് കൊടുക്കൽ പ്രക്രിയയിലേക്ക് കടന്നതെന്നത് വ്യക്തമാണ്. കുടുംബ കോടതിയുടെ ചോദ്യങ്ങൾക്കു മുന്നിൽ മറുപടി പറയാൻ ഇപ്പോഴും സമിതിക്കു കഴിയുന്നില്ലല്ലോ. മാതാപിതാക്കളുടെ അനുമതിയുണ്ടെങ്കിൽ പോലും നടന്നത് നിയമവിരുദ്ധ പ്രവൃത്തിയാണ്. മാത്രമല്ല, അനുപമയുടെ സമ്മതത്തോടെയാണ് ഇതെല്ലാം നടന്നതെന്ന വാദമെല്ലാം എന്നേ പൊളിഞ്ഞതാണ്. അനുപമയുടെ അച്ഛൻ സ്വന്തം മകളെ വൈകാരികതയുടെ പേരിൽ വഞ്ചിക്കുകയായിരുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്. അതിന്റെ പേരിൽ അനുപമയെ ആക്ഷേപിക്കുന്നവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യക്തമാണ്. നിയമപരമായി പരിശോധിച്ചാൽ  അന്താരാഷ്ട്ര നിയമങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്. അതിനു നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അധ്യക്ഷനായ സ്ഥാപനമാണ് എന്നത് ചെറിയ കാര്യമല്ല. അതാകട്ടെ, അനുപമ പരാതി കൊടുത്ത ശേഷം. 


അനുപമയുടെ പരാതി നിലനിൽക്കേയാണ്, ആ പരാതി അവഗണിച്ചുകൊണ്ട് കുഞ്ഞിനെ കൈമാറാൻ ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫയർ കമ്മിറ്റിയും പോലീസും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും പ്രവർത്തിച്ചത്. അതാകട്ടെ, എല്ലാ നിയമ സംവിധാനങ്ങളെയും ലംഘിച്ചും.  അനുപമയുടെ അച്ഛൻ, താൻ നേരിട്ടു നൽകിയതാണ് കുഞ്ഞിനെയെന്ന് ചാനൽ ചർച്ചയിൽ ലോകത്തോടു വിളിച്ചു പറഞ്ഞതാണ്. അതു മാത്രം മതി നിയമ ലംഘനം ബോധ്യമാകാൻ. പി.കെ. ശ്രീമതിയുടെ വാക്കുകളും പരിശോധിച്ചാൽ ഇതംഗീകരിക്കുന്നതായി വ്യക്തമാണ്.  മുഖ്യമന്ത്രിയെ ഉൾപ്പെടെ അറിയിച്ചിട്ടും അതൊരു കുടുംബ പ്രശ്‌നത്തിനപ്പുറം കാണാൻ ആരും തയാറായില്ലെന്നും താൻ പരാജയപ്പെട്ടുപോയി എന്നുമാണ് അവർ പറഞ്ഞത്. ഈ സംഭവത്തിലെ ഏറ്റവും ഭീകരമായ വശം തുടക്കത്തിൽ സൂചിപ്പിച്ച പോലെ ഇവർക്കു നേരെയുള്ള സൈബർ ആക്രമണമാണ്.  ഇപ്പോഴുമത് തുടരുന്നു. അജിത്തിന് മറ്റൊരു ഭാര്യയുണ്ടായിരുന്നു എന്നും വിവാഹ മോചനത്തിനു മുമ്പാണ് ഈ ബന്ധം തുടങ്ങിയതെന്നുമാണ് ആദ്യ ആരോപണം. ഒപ്പം കുട്ടികളുണ്ടെന്ന അസത്യങ്ങളും മേമ്പൊടിയായി ചേർത്തു. അത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തിൽ പുത്തരിയാണോ? മാത്രമല്ല, അവരിരുവരും ഉഭയസമ്മത പ്രകാരം പിരിയാൻ തീരുമാനിച്ച് അതിന്റെ നടപടിക്രമങ്ങൾ നടക്കുമ്പോഴാണ് ഈ ബന്ധം ആരംഭിച്ചതെന്നും അജിത് തെളിവുകൾ സഹിതം വ്യക്തമാക്കിയിരുന്നു. വിവാഹ മോചനത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചു ജീവിക്കാനാരംഭിച്ചത്. വിവാഹ മോചനവും പുനർവിവാഹവുമെല്ലാം ദൈനംദിനം വർധിക്കുന്ന ഒരു നാട്ടിലാണ് ഇതൊരു വൻ കുറ്റമായി അവതരിപ്പിക്കപ്പെടുന്നത്. നിയമപരമായി പരിശോധിച്ചാലും അതിലൊന്നും ഒരു കുറ്റവുമില്ലതാനും. 

 

അടുത്ത കാലത്തായി സോഷ്യൽ മീഡിയയിലൂടെയുള്ള സദാചാര കടന്നാക്രമണം വളരെ  ശക്തമായിരിക്കുകയാണല്ലോ. പ്രത്യകിച്ച് സ്ത്രീകൾക്ക് നേരെ. ഒരു താരരാജാവിന്റെ സിനിമ മോശമാണെന്നു പറഞ്ഞതിന് അങ്ങാടിപ്പുറത്തെ അപർണ നേരിട്ടത് അത്തരത്തിലുള്ള ആക്രമണമായിരുന്നു. ബി. അരുന്ധതി, ദീപാ നിശാന്ത്, ശ്രീജ നെയ്യാറ്റിൻ കര, നിഷ ജോസ്, അനിത തിലകൻ, ഹനാൻ ഹന്ന,  പ്രീത ജിപി, നടികളായ പാർവതി, റിമ, അമല പോൾ തുടങ്ങി എത്രയോ പേർ സൈബർ ആക്രമണത്തിന്റെ ഇരകളായി. ചിത്രലേഖ, മാധ്യമ പ്രവർത്തക ഷാനി പ്രഭാകരൻ, വി.പി. റജീന, ഭാഗ്യലക്ഷ്മി, കെ.കെ. രമ, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, രമ്യഹരിദാസ് എന്നിങ്ങനെ ഈ പട്ടിക നീളുന്നു. തട്ടമിടാത്തതിന്റെ  പേരിലും തെരുവിൽ ഫഌഷ് മോബ് നടത്തിയതിന്റെ പേരിലും കലാലയങ്ങളിൽ ആൺകുട്ടികളുമായി ഇടപഴകിയതിന്റെ പേരിലും രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിലുമെല്ലാം ഇത്തരം ആക്രമണങ്ങൾ നിരന്തരമായി നടക്കുന്നു.  ഈ സംഭവത്തിലാകട്ടെ, പുരോഗമനവാദികളെന്നു സ്വയം കരുതുന്നവരാണ് ആക്രമണകാരികൾ. എന്നാൽ  അതിനെയെല്ലാം വെല്ലുവിളിക്കന്ന പെൺകുട്ടികളുടെ ഒരു തലമുറ ഉദയം കൊണ്ടിട്ടുണ്ട് എന്നതാണ് ആശ്വാസം. അതിലൊരാളാണ് അനുപമയും. 

Latest News