വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്

മുംബൈ- തന്നെ വ്യാജ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയ മുതിര്‍ന്ന എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. അജ്ഞാതരായ ചിലര്‍ തന്നേയും കുടുംബാംഗങ്ങളേയും പിന്തുടര്‍ന്ന് രഹസ്യ നിരീക്ഷണം നടത്തുന്നതായി മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുബായിലേക്ക് പോകുന്നതിനിടെ ഒരു കാറിലിരുന്ന് ഫോട്ടോ പിടിച്ച രണ്ടു പേരെ പിടികൂടിയിരുന്നു. മുംബൈ പോലീസിന് പരാതി നല്‍കുമെന്നും ആരാണ് ഈ ഗൂഢാലോചന നടത്തുന്നതെന്ന് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. ഇവരുടെ ചിത്രങ്ങളും കാറിന്റെ നമ്പറും മന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 

അനില്‍ ദേഷ്മുഖിനെ കേസില്‍ കുടുക്കിയ പോലെ ചിലര്‍ എന്നേയും കുടുക്കാന്‍ നോക്കുകയാണ്. ഞങ്ങള്‍ക്ക് ഭയമില്ല. എന്നാല്‍ എന്താണ് ഇവരുടെ ഉദ്ദേശമെന്ന് അറിയണം. ഇതു സംബന്ധിച്ച സാങ്കേതിക വിവരങ്ങള്‍ രണ്ടു ദിവസത്തിനകം മുംബൈ പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും- മന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സി ഓഫീസര്‍മാര്‍ സ്വകാര്യ ഏജന്റുമാരെ ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പരാതി നല്‍കുമെന്ന് മാലിക് പറഞ്ഞു.

മുംബൈ ലഹരിക്കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ച് നവാബ് മാലിക് നിരവധി തെളിവുകള്‍ പുറത്തു വിട്ടിരുന്നു. ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാനെ കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢനീക്കങ്ങളാണെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഒടുവില്‍ മാലികിനെ ലഹരിപാര്‍ട്ടി കേസ് അന്വേഷണത്തില്‍ മാറ്റിയിരുന്നു. സമീര്‍ വാങ്കഡെ അറസ്റ്റ് ചെയ്ത ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.
 

Latest News