രാജ്യത്ത് കുറവ് ദാരിദ്ര്യമുള്ളവർ കേരളത്തിൽ, ഉമ്മൻ ചാണ്ടിയുടെ ഭരണനേട്ടമെന്ന് കോൺഗ്രസ്

തിരുവനന്തപുരം- രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്രമുള്ള സംസ്ഥാനം കേരളമാണെന്നത് 2015-16-ലെ കണക്കാണെന്ന് ഉമ്മൻ ചാണ്ടി സർക്കാറിന്റെ വികസന നേട്ടം പിണറായി ആഘോഷിക്കുകയാണെന്നും കോൺഗ്രസ്. ഉമ്മൻ ചാണ്ടി സർക്കാരിനെ രാഷ്ട്രീയമായി കടന്നാക്രമിച്ച പിണറായി വിജയൻ വരെ നേട്ടത്തെ അഭിമാനമായി കാണുകയാണ് എന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 
കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോർട്ട് കേരളത്തിന് അഭിമാനമാണെന്നും എന്നാൽ 2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ അംഗീകാരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യു.ഡി.എഫ് സർക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കുവാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടിയവയാണ്. 
പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോർട്ട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് നിലവിലെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോ എന്നുള്ളത് സംശയമാണെന്നും ചെന്നിത്തല പറഞ്ഞു. 

Latest News