ദളിത് വരന്‍ കുതിരപ്പുറത്ത് എത്തി; പോലീസ് നോക്കി നില്‍ക്കെ വിവാഹ ചടങ്ങിനു നേരെ കല്ലേറ്

ജയ്പൂര്‍- രാജസ്ഥാനില്‍ ഒരു ദളിത് കുടുംബത്തിലെ വിവാഹത്തിനിടെ വരന്‍ കുതിരപ്പുറത്ത് വധുവിന്റെ വീട്ടിലെത്തിയതിന് വിവാഹ ഘോഷയാത്രയ്ക്കു നേരെ കല്ലേറ് ആക്രമണം. വിവാഹത്തിന് സുരക്ഷ നല്‍കാനായി സ്ഥലത്ത് പോലീസ് ഉണ്ടായിരിക്കെയാണ് കല്ലേറ്. വ്യാഴാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 10 പേരെ അറസ്റ്റ് ചെയ്തു. ജയ്പൂര്‍ ജില്ലയിലെ കയ്‌റോഡി ഗ്രാമത്തിലെ വധുവിന്റെ വീട്ടില്‍ വരനും സംഘവും കുതിരപ്പുറത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. 'ഗ്രാമത്തില്‍ ദളിത് കുടുംബങ്ങളിലെ വിവാഹ ചടങ്ങില്‍ വരന്‍ കുതിരപ്പുറത്ത് വരുന്ന രീതി ഞങ്ങളുടെ ഗ്രാമത്തില്‍ ഇല്ല. ഇതിനൊരു മാറ്റം വരുത്താനാണ് വരനെ കുതിരപ്പുറത്ത് ആനയിച്ചത്. ഗ്രാമത്തിലെ രജപുത് സമുദായം കുതിര സവാരി അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു. ഈ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് ഞാന്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ച് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്'- വധുവിന്റെ അച്ഛന്‍ ഹരിപാല്‍ ബലായ് പറഞ്ഞു.

കല്ലെറിഞ്ഞവര്‍ തന്റെ അയല്‍വാസികളായ രജപുത് സമുദായക്കാരാണെന്നും കുടുംബത്തിലെ 15ഓളം പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റുവെന്നും ഹരിപാല്‍ പറഞ്ഞു. ഒളിഞ്ഞിരുന്നാണ് അവര്‍ കല്ലെറിഞ്ഞത്. ശേഷം ഓടി രക്ഷപ്പെടുകയും ചെയ്തു. ദളിതര്‍ കുതിരപ്പുറത്ത് കയറുന്നത് അവര്‍ക്ക് സഹിക്കാത്തതിനാലാണ് കല്ലെറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക രാഷ്ട്രീയ നേതാക്കളും പോലീസും വിവാഹം ദിവസം രാവിലെ വീട്ടിലെത്തി സുരക്ഷയും അനിഷ്ടസംഭവങ്ങളുണ്ടാകില്ലെന്നും ഉറപ്പു നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

സുരക്ഷയ്ക്കായി സംഭവസ്ഥലത്ത് 75 പോലീസുകാരെ വിന്യസിച്ചിരുന്നു. ആക്രമണം പൊടുന്നനെയായിരുന്നു. മരങ്ങള്‍ക്കും കുറ്റിക്കാടിനും മറവിലിരുന്നുള്ള ആക്രമണം ഏതാനും നിമിഷം മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ ദിനേശ് കുമാര്‍ യാദവ് പറഞ്ഞു. 

ഹരിപാലിന്റെ മകന്റെ വിവാഹം നടക്കുന്ന ഞായറാഴ്ച കുടുംബത്തിന് പിന്തുണയുമായി എത്തുമെന്ന് ദളിത് പൗരാവകാശ സംഘടനയായ ഭീം ആര്‍മി അറിയിച്ചു. ദളിത് വരന്‍മാര്‍ കുതിരപ്പുറത്ത് ആനയിക്കപ്പെടുന്നതിനെതിരെ പലയിടത്തും ആക്രമണം പതിവാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധിക്കുമെന്നും ഭീം ആര്‍മി രാജസ്ഥാന്‍ പ്രസിഡന്റ് അനില്‍ ധെന്‍വാള്‍ മുന്നറിയിപ്പു നല്‍കി.
 

Latest News