ഫ്രഷേഴ്‌സ് പാര്‍ട്ടി വിനയായി; കര്‍ണാടക മെഡിക്കല്‍ കോളെജില്‍ 281 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്, ആശുപത്രി അടച്ചു

ധാര്‍വാഡ്- വടക്കു പടിഞ്ഞാറന്‍ കര്‍ണാടകയിലെ ധാര്‍വാഡില്‍ ഒരു മെഡിക്കല്‍ കോളെജിലെ 281 വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോളെജ് അടച്ചു. കോളെജില്‍ ഈയിടെ നടന്ന ഫ്രഷേഴ്‌സ് പാര്‍ട്ടിയില്‍ നിന്നാണ് രോഗവ്യാപനത്തിന്റെ തുടക്കം. പാര്‍ട്ടി മൂന്ന് ദിവസത്തോളം നീണ്ടു നിന്ന പരിപാടിയായിരുന്നു. ആദ്യം 66 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസംതോറും ഇതു വര്‍ധിച്ചുവന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പുതുതായി 77 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികകളുടെ എണ്ണം 281 ആയി. മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ആശുപത്രിയില്‍ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള കവാടങ്ങള്‍ അടച്ചു. കോവിഡ് നെഗറ്റീവ് ആകുന്നവരെ മാത്രമെ ഡിസ്ചാര്‍ജ് ചെയ്യൂ. കോവിഡ് ബാധിച്ചവരില്‍ ഭൂരിപക്ഷം പേരും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് അധികൃതര്‍ പറഞ്ഞു.

ആശുപത്രി കോവിഡ് ക്ലസ്റ്റര്‍ ആയിരിക്കുകയാണ്. ഒരു പരിപാടിയില്‍ വളരെ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് സൂചിപ്പിക്കുന്നത് ഈ വൈറസ് വകഭേദം തീവ്രവ്യാപന ശേഷിയുള്ളതാണെന്നാണ്. എല്ലാ വിദ്യാര്‍ത്ഥികളും വാക്‌സിന്‍ സ്വീകരിച്ചവരാണെന്നതിനാല്‍ ഈ വൈറസ് പ്രതിരോധ സംവിധാനത്തെ മറികടന്നിരിക്കുന്നു എന്നതും മറ്റൊരു ആശങ്കയാണെന്ന് കര്‍ണാടക കോവിഡ് ദൗത്യ സംഘത്തിലെ ഡോ. സുദര്‍ശന്‍ ബല്ലാല്‍ പറഞ്ഞു. അതേസമം രോഗം തീവ്രമല്ലെന്നും ഇവിടെ വ്യാപിച്ച വൈറസിന്റെ വകഭേദം തിരിച്ചറിയാന്‍ ജനതികശ്രേണീകരണം നടന്നുവരികയാണെന്നും ഫലം ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News