Sorry, you need to enable JavaScript to visit this website.

ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ്  കൺവീനർമാരെ പ്രഖ്യാപിച്ചു

അഹമ്മദ് പുളിക്കൽ, ബിജു കല്ലുമല, കുഞ്ഞി കുമ്പള

 

ദമാം - ഒ.ഐ.സി.സി മെമ്പർഷിപ്പ് കാമ്പയിനുകളുടെയും പുനഃസംഘടനയുടെയും മുന്നോടിയായി ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പുതിയ കൺവീനർമാരെ നിയമിച്ചു. ഗ്ലോബൽ കമ്മിറ്റി ചെയർമാനായി കുമ്പളത്ത് ശങ്കരപ്പിള്ള ചുമതലയേറ്റതിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മുൻ കെ.പി.സി.സി നിർവാഹക സമിതിയംഗവും ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റുമായ അഹമ്മദ് പുളിക്കൽ, ദമാം റീജണൽ പ്രസിഡന്റ് ബിജു കല്ലുമല, റിയാദ് റീജണൽ പ്രസിഡന്റ് കുഞ്ഞി കുമ്പള എന്നിവരാണ് സൗദി അറേബ്യയിൽനിന്നുള്ള കൺവീനർമാർ. രാജു കല്ലുംപുറം (ബഹ്‌റൈൻ), വർഗീസ് പുതുക്കുളങ്ങര (കുവൈത്ത്), ഇ.പി ജോൺസൺ, അഡ്വ. ആഷിഖ്, മോഹൻദാസ് പി.കെ (യു.എ.ഇ), സമീർ ഏറാമല (ഖത്തർ), സജി ഔസേഫ് (ഒമാൻ) എന്നിവരാണ് മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും ഉൾപ്പെട്ടിട്ടുള്ളവർ.
വിവിധ രാജ്യങ്ങളിൽ മെമ്പർഷിപ്പ് കാമ്പയിനുകൾ നടത്തി നാഷണൽ, റീജിണൽ, ജില്ലാ-ഏരിയാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുക , പരമാവധി കോൺഗ്രസ് പ്രവർത്തകരെ കണ്ടെത്തി സംഘടനയുടെ ഭാഗമാക്കുക, നിലവിൽ കമ്മിറ്റികൾ ഇല്ലാത്ത സ്ഥലങ്ങളിൽ അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കുക, നിർജീവമായ കമ്മിറ്റികൾക്ക് പുതിയ നേതൃത്വത്തെ കണ്ടെത്തുക എന്നിവയുൾപ്പെടെ വളരെയേറെ ഉത്തരവാദിത്വങ്ങളാണ് പുതിയ നേതൃത്വത്തിനുള്ളതെന്ന് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. സംഘടനാപരമായ എല്ലാ ആശയ കുഴപ്പങ്ങളും പരിഹരിച്ചുകൊണ്ട്, വരുംദിവസങ്ങളിൽ പ്രവാസ മേഖലയിലെ ഏറ്റവും കരുത്തുള്ള പ്രസ്ഥാനമായി ഒ.ഐ.സി.സി മാറുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു .
ഗ്ലോബൽ പ്രസിഡന്റിന്റെ നിർദേശാനുസരണം സൗദി അറേബ്യയിൽ ഉടൻതന്നെ മെമ്പർഷിപ്പ് വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ചർച്ചകളിലൂടെ പുനഃസംഘടനാ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്നും കൺവീനർമാരായ അഹമ്മദ് പുളിക്കൽ, ബിജു കല്ലുമല, കുഞ്ഞി കുമ്പള എന്നിവർ പറഞ്ഞു. പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യം നിഷ്പക്ഷമായി നിറവേറ്റുമെന്നും അർഹരായ എല്ലാവർക്കും പുതിയ കമ്മിറ്റികളിൽ അർഹമായ പരിഗണന ഉറപ്പുവരുത്തുമെന്നും വിഭാഗീയ പ്രവർത്തനങ്ങളും അച്ചടക്ക ലംഘനങ്ങളും  അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. പ്രവാസി വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അഭിനന്ദിക്കുന്നതായും എല്ലാവിധ പിന്തുണ അറിയിക്കുന്നതായും സൗദി ഒ.ഐ.സി.സി നേതാക്കൾ വ്യക്തമാക്കി. 

 

 


 

Tags

Latest News