Sorry, you need to enable JavaScript to visit this website.

തൊഴിലാളികളുടെ മെഡിക്കൽ: ഗൾഫ് കൗൺസിൽ കേന്ദ്രങ്ങൾ 500 ആയി വർധിപ്പിക്കും

റിയാദ് - ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടുന്ന 76 ലക്ഷം വിദേശ തൊഴിലാളികൾക്ക് നാലു വർഷത്തിനിടെ ഗൾഫ് മെഡിക്കൽ കൗൺസിലിന്റെ മേൽനോട്ടത്തിൽ സ്വദേശങ്ങളിൽ വെച്ച് മെഡിക്കൽ പരിശോധന നടത്തിയതായി കൗൺസിൽ പറഞ്ഞു. 2017 ജനുവരി മുതൽ 2021 ഓഗസ്റ്റ് വരെയുള്ള കാലത്താണ് ഇത്രയും വിദേശ തൊഴിലാളികൾക്ക് മെഡിക്കൽ നടത്തിയത്. ഇതിനിടെ അഞ്ചു ലക്ഷത്തോളം തൊഴിലാളികൾ ആരോഗ്യപരമായി ജോലിക്ക് ഫിറ്റ് അല്ലെന്ന് വ്യക്തമായി. മെഡിക്കൽ നടത്തിയവരിൽ ആറു ശതമാനം പേർ ആരോഗ്യകരമായി ഫിറ്റ് അല്ലെന്ന് പരിശോധനകളിൽ വ്യക്തമായി. 
ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടുന്നവർക്ക് ഗൾഫ് മെഡിക്കൽ കൗൺസിലിന്റെ മേൽനോട്ടത്തിൽ മെഡിക്കൽ പരിശോധന നടത്തുന്ന പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമമുണ്ട്. അടുത്ത വർഷാവസാനത്തോടെ വിദേശ തൊഴിലാളികൾക്ക് മെഡിക്കൽ നടത്താൻ ഗൾഫ് മെഡിക്കൽ കൗൺസിൽ അംഗീകാരമുള്ള മെഡിക്കൽ സെന്ററുകളുടെ എണ്ണം 500 ആയി ഉയർത്താനാണ് ശ്രമം. 30 രാജ്യങ്ങളിലായാണ് ഇത്രയും മെഡിക്കൽ സെന്ററുകൾക്ക് അംഗീകാരം നൽകുക. 
മാനസിക രോഗങ്ങൾ, മലേറിയ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ക്ഷയം അടക്കമുള്ള രോഗങ്ങൾ ബാധിച്ചവർ ഗൾഫ് രാജ്യങ്ങളിൽ പ്രവേശിക്കുന്നത് തടയാനാണ് ഗൾഫ് മെഡിക്കൽ കൗൺസിലിന്റെ മേൽനോട്ടത്തിൽ സ്വദേശങ്ങളിൽ വെച്ച് വിദേശ തൊഴിലാളികൾക്ക് മുൻകൂട്ടി മെഡിക്കൽ നടത്തുന്ന പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് കൗൺസിൽ അറിയിച്ചു. 

Tags

Latest News