Sorry, you need to enable JavaScript to visit this website.

പേരാവൂരിലെ ചിട്ടി തട്ടിപ്പ്; നിക്ഷേപകർ രണ്ടാം ഘട്ട സമരം തുടങ്ങി

കണ്ണൂർ - സി.പി.എം നേതൃത്വം നൽകിയ ഉറപ്പ് പാലിക്കാത്തതിനെത്തുടർന്ന് പേരാവൂരിലെ ചിട്ടി തട്ടിപ്പിനിരയായ നിക്ഷേപകർ രണ്ടാം ഘട്ട സമരം ആരംഭിച്ചു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ  കണ്ണൂർ സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാറുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.  സി.പി.എം നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തു വന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിലും പണം തിരികെ ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്.
ചിട്ടിയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടും സമർപ്പിച്ചു. ധനതരംഗ് എന്ന പേരിൽ നടത്തിയ  ചിട്ടിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സൊസൈറ്റി സെക്രട്ടറി പി.വി.ഹരിദാസ്, മുൻ പ്രസിഡന്റ് കെ.പ്രിയൻ എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്. സഹകരണ നിയമപ്രകാരമുള്ള യാതൊരു നിബന്ധനയും പാലിക്കാതെ  755 അംഗങ്ങളെ ചേർത്താണ് ചിട്ടി തുടങ്ങിയത്. സഹകരണ വകുപ്പ്  ജോയന്റ് രജിസ്ട്രാറുടെ അനുമതിയും ഉണ്ടായിരുന്നില്ല. ചിട്ടി ഇനത്തിൽ ലഭിച്ച തുക പേരാവൂർ ജനറൽ സർവീസ് സഹകരണ ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യുകയും നിയമ വിരുദ്ധമായി അതിൽ നിന്നും വായ്പ എടുക്കുകയും ചെയ്തു. ഇടപാടുകളിലൂടെ സെക്രട്ടറി അനധികൃതമായി പണം കൈപ്പറ്റി. സെക്രട്ടറിയുടെ ബന്ധുവിന് ആദ്യ ഗഡു അടച്ച അന്ന് തന്നെ 35,000 രൂപ വായ്പ അനുവദിച്ചു . 2005 മുതൽ സംഘം നഷ്ടത്തിലായിരുന്നു. വായ്പ നൽകിയതിൽ വ്യാപക ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തി. നിയമം ലംഘിച്ച് നിക്ഷേപ തുകയിൽ നിന്നെടുത്ത് ശമ്പളം വിതരണം ചെയ്തതായും കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷിക്കാനെന്ന പേരിൽ ആരംഭിച്ച ബാഗ് നിർമാണ യൂനിറ്റ് നിയമ വിരുദ്ധമായാണ് പ്രവർത്തിച്ചത്.  ഹൗസിംഗ് ഫെഡറേഷന് 1,67,51,836 രൂപ തിരികെ നൽകാനുണ്ട്. സെക്രട്ടറി വ്യാജരേഖ ചമച്ചു എന്ന പരാതി ഗൗരവമുള്ളതാണ്. 2015-20 കാലത്തെ ധനവിനിയോഗം സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണം. രണ്ടര ലക്ഷം രൂപ വായ്പ എടുത്ത വനിതയ്ക്ക് സെക്രട്ടറി നൽകിയത് 1,15,000 രൂപ മാത്രമാണ് എന്നും ബാക്കി തുക സെക്രട്ടറി അപഹരിച്ചു എന്നുമുള്ള പരാതിയിൽ കഴമ്പുണ്ട് എന്നും അസി.രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
          അതേസമയം, റിപ്പോർട്ട് നൽകി ഒരു മാസം ആയിട്ടും പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന് നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കിയത്. നേരത്തെ സി.പി.എം ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന കെ. പ്രിയന്റെ വീട്ടിലേക്ക് നിക്ഷേപകർ നടത്താനിരുന്ന മാർച്ച് സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് ഒഴിവാക്കിയിരുന്നു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പരാതിക്കാരുമായി നേരിൽ ചർച്ച നടത്തുകയും പാർട്ടി ഇടപെട്ട് നിക്ഷേപകർക്ക് പണം വാങ്ങി നൽകുമെന്നു ഉറപ്പു നൽകുകയും ചെയ്തു. പാർട്ടി നിക്ഷേപകർക്കൊപ്പമാണെന്ന് പല തവണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഒരാൾക്ക് പോലും പണം തിരികെ ലഭിച്ചില്ല. റിപ്പോർട്ട് ലഭിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. 
 

Latest News