Sorry, you need to enable JavaScript to visit this website.

അപമാനകരം, അപലപനീയം കേരളത്തിന്റെ നിയമ പാലനം

ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയായിരുന്നു കേരളത്തിന്റേത്. എന്നാൽ അടുത്ത കാലത്ത് പുറത്ത് വരുന്ന പല കാര്യങ്ങളും അത്ര ശുഭകരമല്ല. കൊച്ചിയിലെ തട്ടിപ്പുവീരന്റെ സിംഹാസനത്തിൽ പോലീസ് മേധാവി ഇരുന്നിട്ട് കാലമേറെയായില്ല. കേരളപ്പിറവി ദിനത്തിൽ അപകടത്തിൽ മരിച്ച മോഡലുകളുടെ മരണം സംബന്ധിച്ച കേസ് അന്വേഷണം ഇരുട്ടിൽ തപ്പുകയാണ്. സർക്കിൾ ഇൻസ്‌പെക്ടർ യഥാസമയം വേണ്ടപോലെ ഇടപെട്ടിരുന്നുവെങ്കിൽ രക്ഷിക്കാമായിരുന്ന ജീവിതമാണ് ആലുവയിൽ പൊലിഞ്ഞ നിയമ വിദ്യാർഥി മോഫിയ പർവീണിന്റേത്. 


തൊടുപുഴ അൽ അസ്ഹർ കോളേജിലെ മൂന്നാം വർഷ എൽഎൽ.ബി വിദ്യാർഥിനിയായിരുന്നു കഴിഞ്ഞ ദിവസം ജീവിതം അവസാനിപ്പിച്ച മോഫിയ പർവീൺ. ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എൽഎൽ.ബി വിദ്യാർഥിനി മോഫിയ പർവീൺ ഭർതൃവീട്ടിൽ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയിരുന്നതെന്ന് സഹപാഠി ജോവിൻ പറയുന്നു.  സ്ത്രീധനം ആവശ്യപ്പെട്ട് മോഫിയയെ ഭർത്താവ് സുഹൈലും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ഈ കൂട്ടുകാരി വെളിപ്പെടുത്തി. ആലുവ സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചതനുസരിച്ച് വലിയ പ്രതീക്ഷകളോടെയാണ് അവൾ പോയിരുന്നത്. എന്നാൽ സി.ഐയിൽ നിന്ന് മോശം പെരുമാറ്റമുണ്ടായത് അവളെ വല്ലാതെ തളർത്തിയിട്ടുണ്ടാകാമെന്നാണ് മനസ്സിലാക്കുന്നത്. സി.ഐ ഒന്ന് മയത്തിൽ സംസാരിച്ചിരുന്നെങ്കിൽ ഒരു പക്ഷേ മോഫിയ ഞങ്ങൾക്കൊപ്പം ഇന്ന് ക്ലാസിൽ ഇരിക്കുമായിരുന്നു 


-ജോവിൻ പറഞ്ഞു.  ഒരു മാസം മുൻപാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ മൊഴിയെടുപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷനിലേക്ക് യുവതിയെയും പിതാവിനെയും വിളിപ്പിച്ചത്. സ്റ്റേഷനിൽ ഭർത്താവും വീട്ടുകാരും ഉണ്ടായിരുന്നു. എന്തിനാണ് അവരെ വിളിപ്പിച്ചത് എന്ന് ചോദിച്ചപ്പോൾ നടപടിക്രമങ്ങളുടെ ഭാഗമായാണ് എന്നാണ് സ്റ്റേഷനിൽ നിന്ന് പറഞ്ഞത്. തുടർന്ന് മൊഴിയെടുത്തിട്ട് പറഞ്ഞു വിടണമെന്നും തനിക്ക് അയാളോടൊപ്പം നിന്ന് സംസാരിക്കാൻ കഴിയില്ലെന്നും യുവതി പറഞ്ഞു.
പരാതി പറയാനെത്തിയ മോഫിയയോടും പിതാവിനോടും സി.ഐ സുധീർ മോശമായി പെരുമാറിയെന്നാണ് ആരോപണം. മൊഴി നൽകിയ ശേഷം വീട്ടിലെത്തിയ പെൺകുട്ടിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേയും ആലുവ ഈസ്റ്റ് സി.ഐക്കെതിരേയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 
മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയാണ്  പിതാവ് ഇർഷാദും. 


ആലുവ സി.ഐ ഞങ്ങളോട് മോശമായാണ് പെരുമാറിയത്. സ്റ്റേഷനിലേക്കു കയറിച്ചെന്നപ്പോൾ താൻ തന്തയാണോടോ എന്നാണ് സി.ഐ ചോദിച്ചത്. മരുമകന്റെയും അവരുടെ വീട്ടുകാരുടെയും മുന്നിൽവെച്ച് തന്നോടും മകളോടും മോശമായി സംസാരിച്ചു.'
സ്റ്റേഷനിൽനിന്ന് തിരിച്ചുവന്നപ്പോൾ നമുക്ക് നീതി കിട്ടുന്നില്ലല്ലോ പപ്പാ എന്നാണ് മകൾ പറഞ്ഞത്. നീതി കിട്ടുമെന്ന് പറഞ്ഞപ്പോൾ സി.ഐ ഞങ്ങളുടെ മുമ്പിൽ വെച്ച് ഇങ്ങനെ സംസാരിക്കില്ലല്ലോ എന്നാണ് അവൾ പറഞ്ഞത്.  ഇത്രയൊക്കെ സഹിച്ച് പോയാണ് പരാതി കൊടുത്തത്. എന്നിട്ടും അവർ എന്നോട് ഇങ്ങനെയാണല്ലോ പെരുമാറുന്നത് എന്നാണ് അവൾ പറഞ്ഞത്. മകൾക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് അൽപം കരുണയാണ് വേണ്ടിയിരുന്നത്. കരുണ കിട്ടിയിരുന്നെങ്കിൽ മകൾ ആത്മഹത്യ ചെയ്യില്ലായിരുന്നു -ഇർഷാദും  പറയുന്നു.


ഒരുവിധം എല്ലാ കാര്യങ്ങളും മോഫിയ താനുമായി പങ്കുവെച്ചിരുന്നുവെന്നും സഹപാഠി ജോവിൻ വ്യക്തമാക്കി. 'വിവാഹം കഴിഞ്ഞ് ആദ്യ മാസത്തിലൊന്നും കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്. ഭർത്താവ് സുഹൈലിന് ഗൾഫിൽ ജോലിയാണെന്നായിരുന്നു വിവാഹത്തിന് മുമ്പ് പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ ശേഷം ഗൾഫിലെ ജോലി ഒഴിവാക്കിയെന്ന് പറഞ്ഞു. ഇനി സിനിമാ മേഖലയിലേക്ക് ഇറങ്ങാൻ പോകുകയാണ്. തിരക്കഥ എഴുതി ജീവിക്കാനുള്ള തയാറെടുപ്പിലാണെന്നും പറഞ്ഞിരുന്നു. ഇതിന് മോഫിയ പൂർണ പിന്തുണ നൽകിയിരുന്നു.   ഒരു തരത്തിലുള്ള ജോലിക്കും സുഹൈൽ പോയിരുന്നില്ല. മുഴുവൻ സമയം മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുകയായിരുന്നുവെന്നാണ് മോഫിയ പറഞ്ഞത്. അവളോട് സംസാരിക്കാനോ കാര്യങ്ങൾ അന്വേഷിക്കാനോ തയാറാകാതെ ആയി. പിന്നീട് ചെറിയ പ്രശ്‌നങ്ങൾ ഉടലെടുത്തു. മാനസികമായി മോഫിയയെ ഒരുപാട് തളർത്തി. ശാരീരിക പീഡനങ്ങളും ഇതിനിടയിലുണ്ടായി.


ശരീരത്തിൽ പച്ച കുത്തണമെന്ന് നിർബന്ധിച്ചിരുന്നു. എന്നാൽ ഇവൾക്ക് അതിൽ താത്പര്യമുണ്ടായിരുന്നില്ല. പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും നിർബന്ധിച്ചിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്. സമീപത്തുള്ള ഒരു സ്ഥലം വാങ്ങുന്നതിന് സ്ത്രീധനത്തിനായി സുഹൈലിന്റെ മാതാപിതാക്കൾ മോഫിയയിൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചുനാളുകളേ ആയിട്ടുള്ളൂവെന്നതിനാൽ മോഫിയയുടെ വീട്ടുകാർക്ക് ഈ സമയത്ത് പണം കൊടുക്കാൻ സാധിച്ചില്ല. 
ആരോപണ വിധേയനായ സി.ഐ നേരത്തേയും അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. അഞ്ചൽ സി.ഐ ആയിരിക്കേയാണ് സുധീർ നടപടി നേരിട്ടിട്ടുള്ളത്. അഞ്ചൽ, കടക്കൽ സ്റ്റേഷനുകളിൽ എസ്.ഐ ആയും സി.ഐ ആയും ജോലി ചെയ്തുവരുമ്പോൾ ആളുകളോട്  മോശമായി പെരുമാറിയതടക്കം നിരവധി ആരോപണങ്ങൾ ഉണ്ടാവുകയും നടപടി നേരിടുകയും ചെയ്തിട്ടുണ്ട്.


അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും സുധീറിന് വീഴ്ചകൾ സംഭവിച്ചതായി പരാതി ഉയർന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകാൻ സി.ഐയുടെ ഒപ്പ് ആവശ്യമാണ്. ഈ സമയത്ത് തന്റെ വീടുപണി നടക്കുന്ന സ്ഥലത്താണ് സി.ഐ സുധീർ ഉണ്ടായിരുന്നത്. ഇതിനായി ദമ്പതികളുടെ മൃതദേഹം 17 കിലോമീറ്റർ അകലെയുള്ള സി.ഐയുടെ വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. അന്ന് കൊല്ലം റൂറൽ എസ്.പി ആയിരുന്ന ഹരിശങ്കർ സുധീറിന് ലോ ആൻഡ് ഓർഡറിൽ ജോലി നൽകരുതെന്നും സസ്‌പെൻഷൻ നൽകണമെന്നും റിപ്പോർട്ട് നൽകിയിരുന്നു. ഇതൊക്കെ ആര് ശ്രദ്ധിക്കാൻ? എറണാകുളം റൂറലിലേക്ക് പോലീസ് ഓഫീസറെ സ്ഥലം മാറ്റുകയായിരുന്നു.


ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയായിരുന്നു കേരളത്തിന്റേത്. മൈസൂരുവിലും കോയമ്പത്തൂരിലും മറ്റും സാമുദായിക സംഘർഷമുണ്ടായപ്പോൾ കേരള പോലീസിനെ വിന്യസിച്ചപ്പോഴാണ് പെട്ടെന്ന് കെട്ടടങ്ങിയത്. ലോകത്ത് കൊറോണ മഹാമാരി പടർന്നു പിടിച്ചപ്പോൾ കേരള പോലീസ് കൈ കഴുകാൻ പഠിപ്പിച്ച വീഡിയോ വൈറലായിരുന്നു. അറബിക് ടെലിവിഷൻ ചാനലുകൾ പോലും പ്രാധാന്യത്തോടെ ഇത് സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ അടുത്ത കാലത്ത് പുറത്ത് വരുന്ന പല കാര്യങ്ങളും അത്ര ശുഭകരമല്ല. കൊച്ചിയിലെ തട്ടിപ്പുവീരന്റെ സിംഹാസനത്തിൽ പോലീസ് മേധാവി ഇരുന്നിട്ട് കാലമേറെയായില്ല. കേരളപ്പിറവി ദിനത്തിൽ അപകടത്തിൽ മരിച്ച മോഡലുകളുടെ മരണം സംബന്ധിച്ച കേസ് അന്വേഷണം ഇരുട്ടിൽ തപ്പുകയാണ്. സർക്കിൾ ഇൻസ്‌പെക്ടർ യഥാസമയം വേണ്ടപോലെ ഇടപെട്ടിരുന്നുവെങ്കിൽ രക്ഷിക്കാമായിരുന്ന ജീവിതമാണ് ആലുവയിൽ പൊലിഞ്ഞ നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റേത്. 

Latest News