Sorry, you need to enable JavaScript to visit this website.

കാത്തിരിപ്പെന്ന ജീവിതം

വ്യാജാനുഭവങ്ങളുടെ പണിപ്പുരയിൽ പോലും എഴുത്തുകാർക്ക് കണ്ടെത്താനാവുന്നതിനും അപ്പുറമുള്ള മനുഷ്യ ജീവിതങ്ങളെയാണ് കാൻസർ സെന്ററിന്റെ ഇടനാഴികളിൽ നാം മറികടന്നുപോകുന്നത്. നമ്മുടെ ആരോഗ്യ സമ്പ്രദായങ്ങൾ പൊളിച്ചെഴുതേണ്ടതിനെക്കുറിച്ചാണ് അത് നമ്മെ ഓർമിപ്പിക്കുന്നത്. പൊള്ളയായ സാന്ത്വന വാക്കുകൾ മനസ്സിന്റെ പുറംപാളിയിൽ തട്ടി തെറിച്ച് പോകുന്നത് അവിടെ നമുക്ക് കാണാം.

പാഴ്‌സ്മൃതികളിൽ ഒറ്റക്ക് കാതോർത്തിരിക്കുകയും കൺപാർത്തിരിക്കുകയും ചെയ്യുന്ന കാത്തിരിപ്പിനെക്കുറിച്ച് കവി മുരുകൻ കാട്ടാക്കട പാടുന്നുണ്ട്, കാത്തിരിപ്പ് എന്ന കവിതയിൽ. 'ഞാനുറങ്ങുമ്പോഴും കാത്തിരിപ്പൊറ്റക്കു, താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും, നിഴൽപരപ്പിന്നു കൺപാർക്കുന്നു' എന്നും കവി സ്വപ്ന സഞ്ചാരം നടത്തുന്നു. അസംഖ്യം സാഹിത്യ കൃതികൾക്ക് ഇഷ്ട പ്രമേയമാണ് കാത്തിരിപ്പിന്റെ വ്യർഥതയും സാഫല്യവും. മലയാളത്തിന് മാത്രമല്ല, ലോക ക്ലാസിക്കുകൾക്ക് പോലും മനുഷ്യാവസ്ഥയുടെ ഈ അനിവാര്യതയെ സ്പർശിക്കാതെ കടന്നുപോകാനായിട്ടില്ല.
തിരുവനന്തപുരത്തെ പ്രശസ്തമായ അർബുദ ചികിത്സാലയത്തിൽ അനവധി കൗണ്ടറുകൾക്ക് മുന്നിൽ ക്ഷമാപൂർവമായ, ദിവസം മുഴുവൻ നീളുന്ന കാത്തിരിപ്പിനെക്കുറിച്ച് പറഞ്ഞപ്പോൾ സുഹൃത്ത് പൊട്ടിച്ചിരിച്ചു. നിനക്കറിയാത്തതുകൊണ്ടാണ്, അവൻ പറഞ്ഞു, കേരളത്തിൽ ഏറ്റവും ക്ഷമാപൂർവമായ കാത്തിരിപ്പ് (അതോ കാത്തുനിൽക്കലോ?) വിദേശ മദ്യശാലകൾക്ക് മുന്നിലാണ്. ശാന്തനും പ്രതീക്ഷാ നിർഭരനുമായ മലയാളിയെ കാണാൻ നീ ബിവറേജസുകൾക്ക് മുന്നിലേക്ക് പോകുക.


സുഹൃത്തേ, താങ്കൾക്കറിയാത്തതുകൊണ്ടാണ്, നിശ്ശബ്ദത കൊണ്ട് ആവരണമിട്ട മറുപടിയിൽ ഞാൻ എന്നോടു തന്നെ പറഞ്ഞു: മദ്യശാലകൾക്ക് മുന്നിൽ പ്രതീക്ഷകളുണ്ട്. ലഹരിയുടെ നുരകളിൽ മദിച്ചുമറയുന്ന മനോമണ്ഡലത്തിന്റെ സ്വപ്ന സുഖങ്ങളെക്കുറിച്ച പ്രതീക്ഷ. ഇവിടെ അതില്ല. ആകുലതകൾ നിറഞ്ഞ നോട്ടങ്ങളുമായി ഭാവശൂന്യമായ കാത്തിരിപ്പാണത്. നടുക്കാൻ പോകുന്ന മറ്റൊരു വിവരം അറിയാനുള്ള കാത്തിരിപ്പ്. അല്ലെങ്കിൽ അടുത്ത പരീക്ഷണത്തിന് വിധേയമാകാൻ പോകുന്ന സ്വന്തം ശരീരത്തെക്കുറിച്ച മറ്റൊരു അറിയിപ്പ്. അതിനാൽ ഡോക്ടറുടെ മുറിയുടെ വാതിലുകൾ ഓരോ പ്രാവശ്യവും തുറന്നടയുമ്പോൾ സാധാരണ ആശുപത്രികളിൽ കാണുന്നതു പോലെ എല്ലാവരും ഒന്നിച്ചെഴുന്നേറ്റ് ആകാംക്ഷയോടെ വാതിൽ പടികളിലേക്ക് നോക്കുന്നില്ല. എന്റെ ഊഴം എത്താറായോ എന്ന പതിവന്വേഷണങ്ങളില്ല. സ്വന്തം പേര് ഉച്ചത്തിൽ വിളിച്ചു പറയുന്നതുവരെ മറ്റൊരു ലോകത്തെന്ന  പോലെയുള്ള ഇരിപ്പ്. ഇത്രയും സാത്വികമായ കാത്തിരിപ്പ് അപൂർവ കാഴ്ചയാണ്, മലയാളിയെ സംബന്ധിച്ചിടത്തോളമെങ്കിലും. 
വിധി (അങ്ങനെയൊന്നുണ്ടോ എന്നുറപ്പില്ലെങ്കിലും) ഏൽപിച്ച പ്രഹരത്തെ അതിന്റെ എല്ലാ കാഠിന്യത്തോടും കൂടി ഏറ്റുവാങ്ങിയവരാണ് ആ നിരകളിൽ ഊഴം കാത്തിരിക്കുന്നത്. മറ്റുള്ളവനെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന മലയാളിയെ കാണണമെങ്കിൽ അവിടെ ചെല്ലണം. തന്നേക്കാൾ അവശനായ മറ്റൊരാൾക്ക് തന്റെ സമയത്തിന്റെ പങ്ക് അനുവദിച്ചു നൽകാൻ ഇത്രയും സൗമനസ്യം മറ്റെവിടെയുമില്ല. കാത്തിരിപ്പ് മനോഹരമായ ജീവിത നിമിഷങ്ങളുടെ പുറംകാഴ്ചകൾ തന്നെ അവിടെ സമ്മാനിക്കുന്നു. പ്രതീക്ഷകളും പ്രത്യാശകളുമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. വ്യർഥമാകാത്ത കാത്തിരിപ്പുകളെക്കുറിച്ച് അവരോട് പറയാനേ നമുക്കാകൂ. സഫലമായ കാത്തിരിപ്പിനെക്കുറിച്ച പ്രതീക്ഷകൾ പകരാനും. 


മലപ്പുറത്തുകാരനായ ഒരാൾ ഡോക്ടറുടെ വാതിലിനു മുന്നിൽ നിന്ന നഴ്‌സിനോട് ചോദിക്കുന്നത് കേട്ടു, തനിക്ക് നിശ്ചയിച്ച ചികിത്സാ ദിവസം മുന്നോട്ടാക്കിത്തരാമോ എന്ന്. 15 ദിവസത്തിന് ശേഷമുള്ള ഒരു ദിവസം വന്ന്, ഡോക്ടറെ കണ്ട് പിറ്റേ ദിവസം രാവിലെ ഏഴരക്ക് ചികിത്സ നടത്തണം. രണ്ടും ഒരു ദിവസമാക്കിക്കൂടേ എന്നാണ് സാധുവായ ആ മനുഷ്യന്റെ അന്വേഷണം. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞ് അടുത്ത രോഗിയിലേക്ക് പോയി നഴ്‌സ്. വിഷണ്ണനായി നിൽക്കുന്ന അദ്ദേഹത്തോട് കാര്യങ്ങൾ ആരായുകയും ആശുപത്രിക്ക് ചുറ്റും സന്നദ്ധ സംഘടനകളും ഉദാരമതികളും നടത്തുന്ന സൗജന്യ താമസ സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇത്ര ദൂരെനിന്ന് വന്ന് ഒരു ദിവസം ഇവിടെ താമസിച്ച് ചികിത്സ നടത്തുന്നതല്ലേ നല്ലത് എന്ന് ചോദിച്ചപ്പോൾ അതാണ് നല്ലതെന്നും ഇപ്പോൾ സമാധാനമായി എന്നും മറുപടി. അറിവില്ലാത്തതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്, ഞാൻ പോയ് വരാം എന്ന യാത്ര ചോദിക്കലോടെ അയാൾ മറഞ്ഞു. പലരെയും പരിചയപ്പെട്ടപ്പോൾ വടക്കൻ കേരളത്തിൽനിന്ന് ധാരാളം പേർ. അവിടെ ഇനിയും അർബുദ ചികിത്സാസൗകര്യങ്ങൾ പര്യാപ്തമല്ലേ എന്ന ചോദ്യം മനസ്സിലുയർന്നു. എന്തിനാണ് ആളുകൾ ഇത്ര ദൂരം സഞ്ചരിച്ച്, അപരിചിതമായ സ്ഥലങ്ങളിൽ, അപരിചിതമായ സാഹചര്യങ്ങളിലെത്തിച്ചേർന്ന്, കരയിൽ പിടിച്ചിട്ട മത്സ്യത്തെപ്പോലെ പിടയുന്നത്? മലബാറിൽ സർക്കാരിന്റെ കീഴിൽ തന്നെ പല കാൻസർ ചികിത്സാ കേന്ദ്രങ്ങളുമുണ്ടെന്നാണ് അറിവ്. എങ്കിലും തിരുവനന്തപുരത്തേക്ക് ധാരാളം രോഗികൾ എത്തുന്നത്, അവിടങ്ങളിലെ സൗകര്യക്കുറവ് കൊണ്ടാണോ, വിദഗ്ധ ചികിത്സക്ക് അവിടെ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നാം പരാജയപ്പെട്ടതുകൊണ്ടാണോ. ശരീരത്തിന് മാത്രമല്ല, മനസ്സിനും സാന്ത്വന ചികിത്സ ആവശ്യമുള്ള  ഇത്തരം രോഗങ്ങൾക്ക് സ്വന്തം മണ്ണിൽ താമസിച്ചുകൊണ്ട് രോഗശമനം തേടാനുള്ള അവസരം നാം ഒരുക്കണം.


അർബുദ രോഗികളുടെ അനുഭവങ്ങൾ മലയാളത്തിൽ ഏറെ എഴുതപ്പെട്ടിട്ടുണ്ട്. അനുഭവിച്ച രോഗികളും സാക്ഷിയായ ഡോക്ടർമാരും അത് രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ ജീവിതത്തിന്റെ സന്ദിഗ്ധതകളെ ഇത്രത്തോളം ഭാവാത്മകമായി ആരും അവതരിപ്പിച്ചിട്ടില്ലെന്ന് അവ വായിക്കുമ്പോൾ തോന്നിപ്പോകും. ഭാവനയെ വെല്ലുന്ന യഥാർഥ ജീവിതങ്ങളാണ് അവിടെ വരച്ചിടപ്പെടുന്നത്. അവയിലൊന്നും ഇടംപിടിക്കാത്ത എത്രയോ ജീവിതങ്ങളെ കാൻസർ സെന്ററിന്റെ നീണ്ട ഇടനാഴികളിൽ നാം മറികടന്നുപോകുന്നു. വലിയ തിരക്കുകൾക്കിടയിലും ഒറ്റപ്പെട്ടവരായിപ്പോകുന്ന അനേകം പേർ. സാന്ത്വന വചസ്സുകൾ മനസ്സിന്റെ പുറംപാളിയിൽ തട്ടി അർഥശൂന്യമായ വാക്കുകളായി പുറത്തേക്ക് തെറിച്ചുപോകുന്നത് നമുക്ക് അനുഭവപ്പെടും.  രോഗശമനത്തിനായുള്ള നീണ്ട കാത്തിരിപ്പാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കീർണത. ഡോക്ടറുടെ മുറിക്കു മുന്നിൽനിന്ന് തുടങ്ങുന്ന കാത്തിരിപ്പാണിത്. അനേകമനേകം സങ്കീർണവും വേദനാനിർഭരവുമായ ചികിത്സാക്രമങ്ങളുടെ അരിക് പറ്റിയുള്ള യാത്ര. കാലമതിലോലമാം കരങ്ങളാൽ തലോടുമ്പോഴും ജീവസ്സറ്റ കോശങ്ങളുടെ പെരുകിപ്പെരുക്കലുകൾക്കിടയിൽ നിലച്ചുപോയ ജീവിത താളത്തെ പുനരാനയിക്കാനുള്ള പ്രതീക്ഷാനിർഭരമായ പരിശ്രമങ്ങളുടെ പേരാണത്.


കാത്തിരിപ്പ്, കഥകൾക്കും കവിതകൾക്കും മികച്ച വിഷയങ്ങളാകാം. അവിടെ പ്രണയവും സഹനവും വിരഹവും സാഫല്യവും മനസ്സുകളെ ഗൃഹാതുരമായ സ്മരണകളിലേക്ക് നയിക്കും. എന്നാൽ കാൻസർ സെന്ററിലെ ഇടനാഴികളിൽ കാത്തിരിപ്പ്, ജീവിതം തന്നെയാണ്. അവിടെ സ്മരണകളല്ല, നേരിടുന്ന യാഥാർഥ്യങ്ങളാണ് മനസ്സുകളെ കാത്തിരിക്കുന്നത്. എഴുത്തിനും അനുഭവ വിവരണങ്ങൾക്കും അപ്പുറമാണത്. വ്യാജാനുഭവങ്ങളുടെ പണിപ്പുരയിൽ പോലും എഴുത്തുകാർക്ക് കണ്ടെത്താനാവുന്നതിനും അപ്പുറം. നമ്മുടെ ആരോഗ്യ സമ്പ്രദായങ്ങൾ പൊളിച്ചെഴുതേണ്ടതിനെക്കുറിച്ചാണ് അത് നമ്മെ ഓർമിപ്പിക്കുന്നത്. ആതുര ശുശ്രൂഷാ രംഗത്ത് നാം നേടിയ നേട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം അലിയിച്ചുകളയുന്ന നിശ്ശബ്ദമായ കാത്തിരിപ്പുകാരെ മാത്രമാണ് അവിടെ കാണാനാകുന്നത്. 
 

Latest News