Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ ബാച്ചിലേഴ്‌സിന്റെ താമസസ്ഥലങ്ങൾ ഒഴിപ്പിക്കുന്നു

ജിദ്ദ - നഗരത്തിൽ വിവിധ ഡിസ്ട്രിക്ടുകളിൽ ബാച്ചിലേഴ്‌സ് കൂട്ടത്തോടെ കഴിഞ്ഞിരുന്ന 90 ലേറെ താമസസ്ഥലങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഒഴിപ്പിച്ചതായി ജിദ്ദ നഗരസഭ അറിയിച്ചു. നിയമ ലംഘനങ്ങൾ കണ്ടെത്തിയതാണ് താമസസ്ഥലങ്ങൾ ഒഴിപ്പിക്കാൻ കാരണം. ഈ താമസസ്ഥലങ്ങളുടെ ഉടമകൾക്ക് നഗരസഭാ, തൊഴിൽ നിയമാവലികൾ പ്രകാരമുള്ള പിഴകൾ ചുമത്തി. ജിദ്ദയിൽ ബാച്ചിലേഴ്‌സ് കൂട്ടത്തോടെ കഴിയുന്ന താമസസ്ഥലങ്ങളിൽ 550 ലേറെ ഫീൽഡ് പരിശോധനകളാണ് സമീപ കാലത്ത് ജിദ്ദ നഗരസഭ നടത്തിയത്. 
വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ശരീര ഊഷ്മാവ് പരിശോധന, അണുനശീകരണം അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനും ജിദ്ദ ഗവർണറേറ്റ് അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ ബാച്ചിലേഴ്‌സിന്റെ താമസസ്ഥലങ്ങളിൽ ഫീൽഡ് പരിശോധനകൾ നടത്തുന്നതായി ജിദ്ദ മേയറുടെ ഉപദേഷ്ടാവ് എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. പൗരന്മാർക്ക് നൽകുന്ന സേവന നിലവാരം ഉയർത്താനും രാജ്യത്തെ നഗരങ്ങളിൽ ജീവിത ഗുണമേന്മാ നിലവാരം മെച്ചപ്പെടുത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനും മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയവും നഗരസഭകളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ബാച്ചിലേഴ്‌സിന്റെ താമസസ്ഥലങ്ങളിൽ പരിശോധനകൾ നടത്തുന്നതെന്നും എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.
ബാച്ചിലേഴ്‌സിന്റെ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ നിയമ ലംഘകർ എത്രയും വേഗം അടക്കുകയും ലൈസൻസില്ലാത്ത പാർപ്പിട കേന്ദ്രങ്ങൾ ഉടനടി ഒഴിയുകയും വേണമെന്ന് ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു. കാലാവധിയുള്ള ലൈസൻസുള്ള താമസസ്ഥലങ്ങളുടെ ഉടമകൾ ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന് പാർപ്പിട കേന്ദ്രങ്ങളിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിച്ചും നിയമാനുസൃത വ്യവസ്ഥകൾ പാലിച്ചും പദവികൾ ശരിയാക്കണം. ബാച്ചിലേഴ്‌സ് കൂട്ടത്തോടെ കഴിയുന്ന താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറിൽ ബന്ധപ്പെട്ട് സ്വദേശികളും വിദേശികളും റിപ്പോർട്ട് ചെയ്യണമെന്നും ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു.
 

Latest News