Sorry, you need to enable JavaScript to visit this website.

മാര്‍ച്ചോടെ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വരുമെന്ന് കേന്ദ്ര മന്ത്രി നാരായണ്‍ റാണെ

ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ മാര്‍ച്ചോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേന്ദ്ര മന്ത്രി നാരായണ്‍ റാണെ. അടുത്ത തെരഞ്ഞെടുപ്പിനു രണ്ടു വര്‍ഷം മുമ്പ് തന്നെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സര്‍ക്കാരിനെ തകര്‍ക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും ചില കാര്യങ്ങളൊക്കെ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട് എന്നായിരുന്നു ഇതു സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി റാണെയുടെ മറുപടി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ച കേസില്‍ നേരത്തെ അറസ്റ്റിലായ റാണെ മുന്‍ ശിവസേനാ നേതാവ് കൂടിയാണ്. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി അറസ്റ്റിലാകുന്ന കേന്ദ്ര മന്ത്രിയാണ് റാണെ. 17 വര്‍ഷം മുമ്പ് ഉദ്ധവിന്റെ നേതൃത്വത്തിനെതിരെ പൊരുതിയാണ് ഒടുവില്‍ ശിവസേന വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിത്. 2017ല്‍ കോണ്‍ഗ്രസ് വിട്ട് മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ എന്ന പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ബിജെപി പിന്തുണയോടെ രാജ്യസഭാ എംപിയായി. 2019ല്‍ തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കേന്ദ്ര സൂക്ഷ്മ, ചെറുകിട ഇത്തരം സംരംഭ വകുപ്പു മന്ത്രിയാണ്.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ഉടന്‍ ഭൂരിപക്ഷ തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് തകര്‍ച്ച ഉറപ്പായതോടെ ദിവസങ്ങള്‍ക്കു മുമ്പ് മാത്രം അധികാരമേറ്റ ബിജെപി സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്‍സിപി നേതാവ് അജിത് പവാറിനെ ഉപമുഖ്യന്ത്രിയാക്കി എന്‍സിപിയെ കൂടെ കൂട്ടാന്‍ ശ്രമം നടത്തിയെങ്കിലും ബിജെപി തന്ത്രം പാളി. തുടര്‍ന്ന് ബിജെപി മുന്‍ സഖ്യകക്ഷിയായ ശിവസേന എന്‍സിപിയേയും കോണ്‍ഗ്രസിനേയും കൂടെ കൂട്ടി സര്‍ക്കാര്‍ രൂപീകരിച്ചു.
 

Latest News