മദീന - മക്ക, മദീന എക്‌സ്പ്രസ്‌വേയിൽ (അൽഹിജ്‌റ റോഡ്) ബസും ലോറിയും കൂട്ടിയിടിച്ച് നാലു പേർ മരണപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മദീനയിൽ നിന്ന് 70 കിലോമീറ്റർ ദൂരെ വ്യാഴാഴ്ച രാത്രിയാണ് അപകടം. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. 23 പേർക്ക് ഇടത്തം പരിക്കുകളും 18 പേർക്ക് നിസാര പരിക്കുകളുമാണ് നേരിട്ടത്. റെഡ് ക്രസന്റിനു കീഴിലെ 31 ആംബുലൻസ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനും മദീന കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിക്കും കീഴിലെ രണ്ടു ആംബുലൻസ് യൂനിറ്റുകളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ചു.
റെഡ് ക്രസന്റിനു കീഴിലെ ആംബുലൻസുകൡ 20 എണ്ണം മദീന പ്രവിശ്യയിൽ നിന്നും എട്ടെണ്ണം മക്ക പ്രവിശ്യയിൽ നിന്നും മൂന്നെണ്ണം അൽഖസീം പ്രവിശ്യയിൽ നിന്നുമായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ മദീനയിലെ വിവിധ ആശുപത്രികളിലേക്ക് നീക്കിയതായി മദീന പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് ഖാലിദ് അൽസഹ്‌ലി പറഞ്ഞു. അപകടത്തിൽ ബസിന്റെ മുൻവശവും വലതു ഭാഗവും ഏറെക്കുറെ പൂർണമായും തകർന്നു.






