Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുരേന്ദ്രന് അറിയുമോ നൊട്ടിമാമ്മയുടെ കഥ, ഹലാൽ വിവാദത്തിൽ മറുപടിയുമായി ജലീൽ

മലപ്പുറം- ഹലാൽ വിവാദത്തിൽ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് മറുപടിയുമായി മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ. തന്റെ ബാല്യകാലത്തെ അനുഭവവം പങ്കുവെച്ചാണ് ജലീൽ മറുപടിയുമായി രംഗത്തെത്തിയത്. 

ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നൊട്ടിമ്മാമയുടെ ഊത്തും 
പമ്പകടന്ന വയറുവേദനയും

ഞങ്ങളുടെ തറവാട് വീടിനടുത്ത് ഒരു നൊട്ടിമ്മാമയുണ്ടായിരുന്നു. വളാഞ്ചേരി കാട്ടിപ്പരുത്തി നിവാസികൾക്ക്  സുപരിചിതയാണവർ. ഞങ്ങൾ കാണുന്ന കാലത്ത് പ്രായാധിക്യത്താൽ നടു അൽപം വളഞ്ഞാണ് നടന്നിരുന്നത്. മാറ് മറക്കാൻ നേർത്ത ഒറ്റമുണ്ട് ഉപയോഗിച്ചിരുന്ന അവരോടൊപ്പമാണ് സഹോദരി കൂലയും താമസിച്ചിരുന്നത്. നൊട്ടിമ്മാമയുടെ മകൾ രണ്ട് കാലിനും സ്വാധീനമില്ലാത്തതിനാൽ കൈകൾ കുത്തി നിരങ്ങിയാണ് സഞ്ചരിക്കുക. മകളെ പരിപാലിക്കാനുള്ളത് കൊണ്ടാവണം അധിക സമയവും അവർ വീട്ടിൽ തന്നെയാണ് കഴിച്ചുകൂട്ടാറ്. അൽപസ്വൽപം ചെപ്പടി വൈദ്യമൊക്കെ നൊട്ടിമ്മാമക്ക് അറിയുമെന്നാണ് സാധാരണക്കാരായ നാട്ടുകാരുടെ വിശ്വാസം. 
വയറുവേദന വരുമ്പോൾ 'കൊതികൂടിയതാകും' എന്നു പറഞ്ഞ്  കല്ലുപ്പും ചുവന്ന മുളകും രണ്ട് ചെറിയ ഉള്ളിയും  പൊതിഞ്ഞ് ഉമ്മ എന്നെ നൊട്ടിമ്മാമയുടെ അടുത്തേക്ക് പറഞ്ഞയക്കും. ആ ചെറു പൊതിയുമായി വയറും തടവി അവരുടെ വീട്ടിലേക്ക് ഇടംവലം നോക്കാതെ ഒറ്റ നടത്തമാണ്. പുല്ലുമേഞ്ഞ മൺചുമരുള്ള കുടിലിന്റെ മുന്നിൽ ചെന്ന് 'നൊട്ടിമ്മാമാ' എന്ന് ഉറക്കെ വിളിക്കും. ശബ്ദം കേട്ട് മകളാണ് ആദ്യം കൈ കുത്തി ഇഴഞ്ഞെത്തുക. എന്നെ കണ്ടാൽ അകത്തേക്ക് നോക്കി 'ഹാജ്യാരാപ്ലയുടെ മകൻ വന്നിട്ടുണ്ടെന്ന്' വിളിച്ച് പറയും. കുറച്ചു കഴിഞ്ഞാൽ നൊട്ടിമ്മാമ പുറത്തു വരും. എന്റെ കയ്യിൽ നിന്ന് ഉമ്മ ഏൽപ്പിച്ച പൊതി വാങ്ങി എന്തൊക്കെയോ മന്ത്രം ചൊല്ലി മൂന്ന് പ്രാവശ്യം ഊതി എന്റെ ദേഹമാസകലം ഉഴിഞ്ഞ് വാങ്ങും. പിന്നെ അതിൽ നിന്ന് രണ്ട് കല്ലുപ്പും ചെറിയ ഉള്ളിയും എടുത്ത് എനിക്ക് കഴിക്കാൻ തരും.  ഞൊടിയിടയിൽ ഞാനത് അകത്താക്കും. കൊണ്ടുപോയ കടലാസിൽ തന്നെ ഒരു മണി പോലും പോകാതെ ഭദ്രമായി പൊതിഞ്ഞ് തിരിച്ച് നൽകും. വീട്ടിൽ കൊണ്ടുപോയി അടുപ്പിലിടാൻ. 
ഉമ്മ ഏൽപിച്ച എട്ടണ (50 പൈസ) അവരുടെ കയ്യിൽ വെച്ച് കൊടുത്ത് മന്ത്രിച്ചു കിട്ടിയ 'നിധി'യും കൊണ്ട് ഇടവഴിയിലൂടെ തിരിഞ്ഞ് നോക്കാതെ വീടും ലക്ഷ്യമാക്കി ഓടും. എന്നെയും കാത്ത് ഉമ്മ അടുക്കളയുടെ വാതിൽപ്പടിയിൽ തന്നെ നിൽപ്പുണ്ടാകും. റിലേ ഓട്ടത്തിൽ ബാറ്റൺ വാങ്ങാൻ സഹ ഓട്ടക്കാരൻ നിൽക്കുന്ന പോലെ. കിതച്ചെത്തുന്ന എന്റെ കയ്യിൽ നിന്ന് ധൃതിയിൽ പൊതി വാങ്ങി കത്തുന്ന അടുപ്പിലേക്ക് ഒരൊറ്റ ഏറാണ്. പിന്നെ ചടപടാ എന്നൊരു പൊട്ടു കേൾക്കാം. കൂടെ ശൂ എന്ന ശബ്ദത്തോടെ ഒരു കത്തലും. അതോടെ എല്ലാം ശുഭം. എന്റെ 'പള്ളേലെര്ത്തം'(വയറുവേദന) സ്വാഭാവികമായിത്തന്നെ അപ്പോഴേക്ക് പമ്പ കടന്നിട്ടുണ്ടാകും??. നാട്ടിൻപുറങ്ങളിലെ സൗഹൃദത്തിന്റെ കണ്ണികളാണിതൊക്കെയെന്നാണ് പിൽക്കാലത്ത് ചിന്തിച്ചപ്പോൾ ഒരു ചെറു ചിരിയോടെ മനസ്സിലാക്കിയത്.
ഇത്തരം ഗ്രാമീണ നാട്ടു വിശ്വാസങ്ങൾക്ക് എന്ത് മതം, എന്ത് ജാതി? ഇന്നുമിതൊക്കെ പല രൂപത്തിലും ഭാവത്തിലും എല്ലാ മതവിഭാഗക്കാരിലും അപൂർവ്വമെങ്കിലും പഴമയുടെ തുടർ കണ്ണികളായി നിലനിൽക്കുന്നുണ്ട്. ചിലരുടെ വിശ്വാസം മറ്റു ചിലർക്ക് അന്ധവിശ്വാസമായി തോന്നാം. അതുകൊണ്ടു തന്നെ അതിനെ വിമർശിക്കാം, എതിർക്കാം. ആരും എതിരു പറയില്ല. പക്ഷെ ഇത്തരം പ്രവൃത്തികൾ നിയമം മൂലം നിരോധിക്കപ്പെടാത്ത കാലത്തോളം പൗര സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്ന ഒരു നാട്ടിൽ 'പാടില്ലാ' എന്ന് കൽപ്പിക്കാൻ എങ്ങിനെ സാധിക്കും? ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ നേതാവ് സുരേന്ദ്രനും കൂട്ടരും എല്ലാ മതക്കാർക്കിടയിലും നിലനിൽക്കുന്ന ഇത്തരം നാട്ടാചാരങ്ങളോട് എതിർപ്പുള്ളവരാണെങ്കിൽ അതിനെ നിയമം കൊണ്ടുവന്ന് ഇല്ലാതാക്കാനല്ലേ ശ്രമിക്കേണ്ടത്. അല്ലാതെ അപവാദ പ്രചരണം നടത്തി ആളുകളെ അവഹേളിക്കാനല്ലല്ലോ?

Latest News