അമരീന്ദറിന്റെ പുതിയ പാര്‍ട്ടിയുടെ പ്രസിഡന്റ് തട്ടിപ്പു കേസുകളിലെ പ്രതി

ചണ്ഡീഗഡ്- കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിങ് രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസുകളിലെ പ്രതി. സുഖീന്ദര്‍ സിങാണ് അമരീന്ദറിന്റെ പാര്‍ട്ടി പ്രസിഡന്റ്. ചണ്ഡീഗഡിലെ സെക്ടര്‍ 5 സ്വദേശിയായ സുഖീന്ദറിനും ഭാര്യയ്ക്കും മകനുമെതിരെ 2019ല്‍ സിബിഐ ബാങ്കു തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. 33 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് സുഖീന്ദറിന്റെ വീട് റെയ്ഡ് ചെയ്ത സിബിഐ സുഖീന്ദറിനും ഏതാനും പേര്‍ക്കുമെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. സിഡ്ബി, യുക്കോ ബാങ്കുകളില്‍ നിന്ന് 16.80 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 

പഞ്ചാബ് ലോക് കോണ്‍ഗ്രസ് പ്രസിഡന്റായി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ രേഖകള്‍ പ്രകാരം പ്രസിഡന്റ് ചണ്ഡീഗഢിലെ സെക്ടര്‍ 5 സ്വദേശിയായ സുഖീന്ദര്‍ സിങാണ്. ഗുര്‍മെഹര്‍ സിങ് സെഖോന്‍ ജനറല്‍ സെക്രട്ടറിയും സുഖ്‌സിമ്രാന്‍ സിങ് ട്രഷററുമാണ്. മുഖ്യമന്ത്രിയായിരിക്കെ അമരീന്ദറിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയിരുന്ന കരണ്‍ സെഖോനിന്റെ മകനാണ് ഗുര്‍മെഹര്‍. ന്യൂ ചണ്ഡീഗഡിലെ മൊഹിന്ദര്‍ ബാഗില്‍ അമരീന്ദറിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസ് ആണ് പാര്‍ട്ടി ഓഫീസ് വിലാസമായി കാണിച്ചിട്ടുള്ളത്.

Latest News