Sorry, you need to enable JavaScript to visit this website.

പ്രവാസിയുടെ ഭാര്യയെ എട്ടുവര്‍ഷം ചൂഷണം ചെയ്തു, ആത്മഹത്യാ ഭീഷണി മുഴക്കിയശേഷം അറസ്റ്റ്

പയ്യന്നൂര്‍- പ്രവാസിയുടെ ഭാര്യയെ പ്രലോഭിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഉപേക്ഷിക്കുകയും ചെയ്ത  സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

കുഞ്ഞിമംഗലത്തിന് സമീപത്തെ 42 കാരിയുടെ പരാതിയില്‍ കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ സുരേഷ്‌കുമാറിനെ (44) യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. യുവതി പോലീസ് സ്‌റ്റേഷനിലെത്തി ആത്മ ഹത്യാഭീഷണി മുഴക്കിയതിനെത്തുടര്‍ന്നാണ് നടപടി.

യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. മൂന്ന് മക്കളുണ്ട്. 2013 ലാണ് യുവതി  ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകന്‍ സുരേഷ് കുമാറിനൊപ്പം പോയത്. യുവതിയുമായി അടുപ്പം സ്ഥാപിച്ച യുവാവ്, ഭര്‍ത്താവിനെ പിരിഞ്ഞു വന്നാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗീക ചൂഷണത്തിന് ഇരയാക്കി. എട്ട് വര്‍ഷത്തോളം യുവതിയെ ഇയാള്‍ ചൂഷണം ചെയ്തു.

വീട് നിര്‍മ്മാണത്തിന് യുവതിക്ക് ഭര്‍ത്താവ് അയച്ചു കൊടുത്ത 25 ലക്ഷം രൂപയും സുരേഷ് കുമാര്‍ തട്ടിയെടുത്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
സുരേഷ്‌കുമാര്‍ വിവാഹിതനാണ്. ഇയാളുടെ ഭാര്യ ജപ്പാനിലാണ് ജോലി ചെയ്യുന്നത് . ഇവര്‍ക്ക് മക്കളില്ല. എട്ട് വര്‍ഷത്തോളം യുവതിയെ ലൈംഗീക ചൂഷണത്തിന് ഇരയാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തശേഷം സുരേഷ്‌കുമാര്‍ ഒഴിവാക്കി.

ഇതോടെ യുവതിയുടെ സംരക്ഷണത്തിന് ആരുമില്ലാതായി. തുടര്‍ന്ന് യുവതി പോലീസ് സ്‌റ്റേഷനിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവം ചോദിച്ചറിഞ്ഞ പോലീസ് സുരേഷ്‌കുമാറിനെ വിളിച്ചു വരുത്തിയെങ്കിലും കാമുകിയെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ യുവതി പീഡനപരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് സുരേഷ്‌കുമാറിനെ കസ്റ്റഡിയിലെടുത്തത്. യുവതിയെ പഴയങ്ങാടി മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
                            

 

Latest News