തൃശൂർ - കുതിരാൻ ഒന്നാം തുരങ്കത്തിൽ നടപ്പാക്കുന്ന ഗതാഗത പരിഷ്കരണം ആരംഭിച്ചു. ഇരുഭാഗത്തേക്കും വാഹനങ്ങൾ ഇന്ന് രാവിലെ മുതൽ കടത്തി വിട്ട് ട്രയൽ റൺ തുടങ്ങി. ട്രാഫിക് ട്യൂബുകൾ, സിഗ്നൽ ലൈറ്റുകൾ, ബാരിക്കേഡുകൾ എന്നിവ സ്ഥാപിച്ചാണ് തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ആംബുലൻസിന്‍റെയും, ക്രെയിനുകളുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വാഹനങ്ങൾ കേടായാൽ നന്നാക്കുന്നതിനായി മെക്കാനിക്കുകളെയും സജ്ജരാക്കിയിട്ടുണ്ട്. തുരങ്കത്തിനകത്ത് ഓവർടേക്കിംഗ് കർശനമായി നിരോധിച്ചു. ഓവർ ടേക്കിംഗ് നടത്തുന്നത് സിസിടിവിയിലൂടെ നിരീക്ഷിക്കാം. നിർദ്ദേശം അവഗണിച്ച് ഓവർടേക്കിംഗ് നടത്തിയാൽ ഫൈൻ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു.
ട്രാഫിക് ബ്ലോക്കുകൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പോലീസിന്‍റെ സേവനവും തുരങ്കത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. 3.2 കിലോമീറ്ററാണ് ഇരുവശത്തേക്കും വാഹനങ്ങൾ കടന്നു പോകുക.
നിലവിലെ ദേശീയപാത പൊളിച്ചു നീക്കിയത്തിനു ശേഷം രണ്ടാം തുരങ്കത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് നിന്നും പുറത്തേക്കുള്ള റോഡിന്‍റെ പണികൾ ആരംഭിക്കും. ഈ പണികൾ പൂർത്തിയാകുന്നതുവരെ ഒന്നാം തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടും. എസിപി കെ.സി. സേതു, പീച്ചി സിഐ എസ്.ഷുക്കൂർ, കമ്പനി പിആർഒ അജിത് പ്രസാദ് തുടങ്ങിയവർ ട്രയൽ റണ്ണിന് നേതൃത്വം നൽകി.