Sorry, you need to enable JavaScript to visit this website.

കൃഷിമേഖല തുറക്കുന്ന  കരിയർ സാധ്യതകൾ


മനുഷ്യനുണ്ടായ കാലം മുതൽ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട മേഖലകളിൽ ഇടപെടൽ നടത്തുന്നുണ്ട്.  മനുഷ്യന്റെ ആഹാരവുമായി ബന്ധപ്പെട്ട മേഖലയായത് കൊണ്ട് തന്നെ കാർഷിക മേഖലയുടെ പ്രസക്തി കൂടിക്കൊണ്ടിരിക്കുകയാണ്.  പരമ്പരാഗത കൃഷിരീതികളിൽ കാലോചിതമായി മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന ആധുനിക സാഹചര്യത്തിൽ കൃഷിയുമായി ബന്ധപ്പെട്ട കരിയർ കൂടുതൽ പ്രസക്തമാവുകയാണ്. 
കൃഷി ചെയ്ത് വിളവെടുക്കുക എന്നതിനപ്പുറം കൃഷിയുടെ ആധുനികവത്ക്കരണം, മണ്ണ്, വളം, വിത്ത്, വിളകൾ, കാലാവസ്ഥ, പരിസ്ഥിതി,  തുടങ്ങിയ നിരവധി കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയും അവബോധവും ഉള്ളവർക്കാണ് കാർഷിക മേഖലയിൽ ഫലപ്രദമായ ഇടപെടൽ നടത്താനാവുക.  കാർഷിക എൻജിനീയറിങ്, പ്രിസിഷൻ ഫാർമിംഗ്, ക്രോപ് മാനേജ്‌മെന്റ്, അഗ്രി ബിസിനസ് മാനേജ്മന്റ് തുടങ്ങിയ സാധ്യതകൾ നിരവധി അവസരങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കാർഷിക മേഖലയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടുള്ള നിരവധി കോഴ്‌സുകൾ നിലവിലുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട കോഴ്‌സായ ബി.എസ്‌സി അഗ്രിക്കൾച്ചർ (ഹോണേഴ്‌സ്) കോഴ്‌സിന്റെ പഠനാവസരങ്ങളെക്കുറിച്ചും സാധ്യതകളെകുറിച്ചുമുള്ള ചില കാര്യങ്ങൾ ചുവടെ.
അംഗീകൃത കേന്ദ്ര കാർഷിക സർവകലാശാലകളും സംസ്ഥാന കാർഷിക സർവകലാശാലകളുമാണ് നാലു വർഷം ദൈർഘ്യമുള്ള ഈ  കോഴ്‌സ് നടത്തുന്നത്.  കേരള കാർഷിക സർവകലാശാലയുടെ കീഴിൽ വെള്ളായണി, വെള്ളാനിക്കര, കാസർകോട്, അമ്പലവയൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അഗ്രിക്കൾച്ചർ കോളേജുകളിൽ ബി.എസ്‌സി അഗ്രിക്കൾച്ചർ പഠിക്കാൻ അവസരമുണ്ട്.   കേരള പ്രവേശന പരീക്ഷാ കമ്മീഷണറാണ് ഇതിലെ ഭൂരിപക്ഷം സീറ്റിലും പ്രവേശനം നൽകുന്നത്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അഭിമുഖീകരിച്ച്, 720 ൽ 20 മാർക്ക് നേടുന്ന കുട്ടികൾക്ക് പ്രവേശന കമ്മീഷണർ അഡ്മിഷൻ നൽകും. അമ്പലവയൽ ഒഴികെയുള്ള കോളേജുകളിൽ, 15% സീറ്റ് നികത്തുന്നത് ഐ.സി.എ.ആർ എൻ.ടി.എ. അഗ്രിക്കൾച്ചർ യു.ജി.അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ കൂടിയാണ്. ഈ പരീക്ഷയുടെ പരിധിയിൽ വരുന്ന, അഗ്രിക്കൾച്ചർ, അനുബന്ധ കോഴ്‌സുകളുള്ള അറുപതോളം  സർവകലാശാലകളിലെ നിശ്ചിത സീറ്റുകളിലേക്കുള്ള പ്രവേശനവും ജൻസി, പുസ എന്നിടങ്ങളിലുള്ള  കേന്ദ്ര സ്ഥാപങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഉള്ള  പ്രവേശനവും ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കേരളത്തിന് പുറത്ത് സ്വകാര്യ, കൽപിത സർവകലാശാലകളിലും ഈ കോഴ്‌സ് പഠിക്കാൻ അവസരങ്ങളുണ്ട്.  വിത്ത് ഉൽപാദനം, മണ്ണ്,  പ്രജനനം, പ്ലാന്റ് ബയോടെക്‌നോളജി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പഠിക്കാനുണ്ടാവുക

ബി.എസ്‌സി അഗ്രിക്കൾച്ചർ കോഴ്‌സ് കഴിഞ്ഞതിന് ശേഷം ബിരുദാന്തര ബിരുദവും കഴിഞ്ഞ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഗവേഷണ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ മികച്ച സാധ്യതകൾ കണ്ടെത്താനാവും. ഐസിഎആർ ബിരുദാനന്തര ബിരുദ തലത്തിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷ അഭിമുഖീകരിച്ച് പ്ലാന്റ് ബയോടെക്‌നോളജി, പ്ലാന്റ് ജനിറ്റിസ്, പ്ലാന്റ് ഫിസിയോളജി, അഗ്രിക്കൾച്ചർ മൈക്രോബയോളജി, അഗ്രോ മീറ്റിയറോളജി, എൻവയോൺമെന്റൽ സയൻസ്, അഗ്രോണമി അഗ്രികൾച്ചർ ഇക്കണോമിക്‌സ്, അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹോട്ടികൾച്ചർ, വാട്ടർ സയൻസ് ആൻഡ് ടെക്‌നോളജി, സീഡ് സയൻസ് ആൻഡ് ടെക്‌നോളജി, പ്ലാന്റ് ബ്രീഡിങ് ആൻഡ് ജെനറ്റിക്‌സ്, പ്ലാന്റ് പതോളജി തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഉപരിപഠനത്തിന് അവസരം തേടാവുന്നതാണ്.
ഗേറ്റ്ബി  പ്രവേശന പരീക്ഷ വഴി വിവിധ സ്ഥാപനങ്ങളിൽ അഗ്രിക്കൾച്ചർ ബയോടെക്‌നോളജിയിൽ പിജി ചെയ്യാൻ അവസരമുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സർവകലാശാലകളിൽ ബയോ ടെക്‌നോളജി, മോളിക്യൂലാർ ബയോടെക്‌നോളജി, ഫുഡ് സയൻസ്, എൻവയോൺമെന്റൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനത്തിന് അവസരങ്ങളുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന്റെ കീഴിലുള്ളതും അല്ലാത്തതുമായി നൂറിലേറെ കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ റിസർച്ചിനുള്ള  അവസരങ്ങളുണ്ട്. തുടർപഠനത്തിനും ഗവേഷണത്തിനുമായി വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളെ ആശയിക്കുകയും ചെയ്യാം


മാനേജ്‌മെന്റ് വൈദഗ്ധ്യം കാർഷിക വ്യാവസായിക മേഖലകളിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള സവിശേഷ പഠനമേഖലയായ അഗ്രി ബിസിനസ് മാനേജ്‌മെന്റ് എന്നത് പുതുകാലത്ത് ഏറെ സവിശേഷത നേടിയ ഒരു കരിയർ മേഖലയാണ്. അഗ്രിക്കൾച്ചർ ബിരുദത്തിന് ശേഷം അഗ്രി ബിസിനസ് മാനേജ്‌മെന്റിൽ എം.ബി.എ, പിജി ഡിപ്ലോമ എന്നിവ നൽകുന്ന നിരവധി സ്ഥാപനങ്ങളുണ്ട് പ്ലാന്റ് ടിഷ്യു കൾച്ചർ, അഗ്രി വെയർ ഹൗസ് മാനേജ്‌മെന്റ്, അഗ്രി ടൂറിസം മാനേജ്‌മെന്റ്, അഗ്രിക്കൾച്ചർ ജേണലിസം തുടങ്ങിയ വിഷയങ്ങളിൽ പിജി ഡിപ്ലോമ കോഴ്‌സുകൾ എന്നിവയും പരിഗണിക്കാവുന്നതാണ്.


ബി.എസ്‌സി അഗ്രിക്കൾച്ചറിന് ശേഷം അഗ്രിക്കൾച്ചർ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം വിവിധ സർക്കാർ മേഖലകളിൽ  സോയിൽ  ടെസ്റ്റിംഗ് ഓഫീസർ, സോയിൽ സർവ്വേ ഓഫീസർ, ആഗ്രികൾച്ചർ എക്സ്റ്റൻഷൻ ഓഫീസർ, അഗ്രികൾച്ചർ എക്സ്റ്റൻഷൻ ഓഫീസർ, അഗ്രികൾച്ചർ ഡെവലപ്‌മെന്റ് ഓഫീസർ, ക്രോപ് അഡൈ്വസർ തുടങ്ങിയ തസ്തികകളിൽ ജോലിക്ക് ശ്രമിക്കാവുന്നതാണ്. ഐ.ബി.പി.എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്ഷൻ നടത്തുന്ന പരീക്ഷ വഴി  ബാങ്കുകളിലെ അഗ്രികൾച്ചർ ഫീൽഡ്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇപ്പോൾ സ്വകാര്യ സ്ഥാപനങ്ങളിൽ പാലന്റേഷൻ മാനേജർ, കാർഷിക ഉൽപന്നങ്ങളുടെ വിപണന കേന്ദ്രം, ഭക്ഷ്യ സംസ്‌കരണ മേഖല, വള നിർമാണം തുടങ്ങിയ മേഖലകളിൽ ജോലി നേടാനും ശ്രമിക്കാവുന്നതാണ്.
അഗ്രിക്കൾച്ചർ മേഖലയിലെ സവിശേഷമായ അവസരങ്ങൾക്ക് പുറമെ ഏത് ബിരുദധാരികൾക്കും പ്രവേശനം തേടാവുന്ന ഉപരി പഠന തൊഴിൽ സാധ്യതകൾ എല്ലാം ബി.എസ്‌സി അഗ്രികൾച്ചർ കഴിഞ്ഞവർക്കും നിലവിലുണ്ട്.


 

Latest News