തബൂക്ക് - ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം തബൂക്കിൽ വ്യാപക പരിശോധനകൾ നടത്തി. ബിനാമി ബിസിനസ് പ്രവണത കൂടുതലാണെന്ന് സംശയിക്കുന്ന വ്യാപാര മേഖലകളിലും സൂഖുകളിലുമായിരുന്നു പരിശോധനകൾ. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ തബൂക്കിലെ 450 ലേറെ വ്യാപാര സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അധികൃതർ പരിശോധനകൾ നടത്തി. ഇതിനിടെ 212 സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങൾ കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് തൽക്ഷണം പിഴകൾ ചുമത്തി. 23 ബിനാമി ബിസിനസ് സ്ഥാപനങ്ങളും പരിശോധനകൾക്കിടെ കണ്ടെത്തി.
ഈ സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണ്. ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് ആറു സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി എന്നിവ ബിനാമി ബിസിനസുകൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള റെയ്ഡുകളിൽ പങ്കാളിത്തം വഹിക്കുന്നു. ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മന്ത്രാലയം ആരംഭിച്ച ആപ്പ് വഴിയോ എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്ന് തബൂക്ക് വാണിജ്യ മന്ത്രാലയ ശാഖ പറഞ്ഞു.
ബിനാമി ബിസിനസുകൾ കണ്ടെത്താൻ ശ്രമിച്ച് അൽഖസീമിലും വിവിധ വകുപ്പുകൾ സംയുക്തമായി കഴിഞ്ഞ ദിവസം പരിശോധനകൾ നടത്തി. ഇതിനിടെ അഞ്ചു സ്ഥാപനങ്ങൾ ബിനാമിയാണെന്ന് സംശയം ഉയർന്നു. ഈ സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണ്.