Sorry, you need to enable JavaScript to visit this website.

ആളുകളുടെ വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ എന്ത് ചെയ്യാനാ? ഖുര്‍ഷിദിന്റെ പുസ്തകം വിലക്കില്ലെന്ന് ഹൈക്കോടതി

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ, നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് എന്ന പുതിയ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. ആളുകളുടെ വികാരം വേഗത്തില്‍ വ്രണപ്പെടാന്‍ മാത്രം ദുര്‍ബലമാണെങ്കില്‍ കോടതിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. പുസ്തകം മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുണ്ടെന്നും ഹിന്ദുത്വയെ ഐഎസ്, ബൊകോ ഹറം പോലുള്ള ഭീകരസംഘടനകളുമായി താരതമ്യപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കട്ടി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. പുസ്തകത്തിന്റെ അച്ചടിയും വിതരണവും വില്‍പ്പനയും തടയണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. 

പുസ്തകം വാങ്ങരുതെന്നും വായിക്കരുതെന്നും നല്ല മറ്റു പുസ്തകങ്ങള്‍ വായിച്ചാല്‍ മതിയെന്നും ആളുകളോട് പറഞ്ഞാല്‍ മതിയെന്നും ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. പുസ്തകം സമാധാനന്തരീക്ഷം തകര്‍ക്കുമെന്നും സമാധാനം കാത്തു സൂക്ഷിക്കേണ്ടത് എല്ലാ വ്യക്തികളുടേയും ബാധ്യതയാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ആളുകളുടെ വികാരം ഇളകിയാല്‍ കോടതിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന് ജഡ്ജ് ചോദിച്ചത്.
 

Latest News