Sorry, you need to enable JavaScript to visit this website.
Thursday , January   20, 2022
Thursday , January   20, 2022

ഇസ്‌ലാമിക ലോകവും റഷ്യയും തമ്മിലുള്ള സഹകരണം സുരക്ഷ ശക്തമാക്കും-സല്‍മാന്‍ രാജാവ്

റഷ്യയും ഇസ്‌ലാമിക ലോകവും തമ്മിലുള്ള സ്ട്രാറ്റജിക് വിഷന്‍ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍.

ജിദ്ദ - ഇസ്‌ലാമിക ലോകവും റഷ്യയും തമ്മിലുള്ള സഹകരണം പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും ശക്തമാക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. റഷ്യയും ഇസ്‌ലാമിക ലോകവും തമ്മിലുള്ള സ്ട്രാറ്റജിക് വിഷന്‍ ഗ്രൂപ്പ് യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ്  രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്. രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനാണ് രാജാവിന്റെ പ്രസംഗം വായിച്ചത്.
ബഹുമത, സംസ്‌കാര സംവാദം ഊര്‍ജിതമാക്കാനും തീവ്രവാദ, ഭീകരവാദ വിരുദ്ധ പോരാട്ട മേഖലയില്‍ സഹകരണം ശക്തമാക്കാനും ഇസ്‌ലാമിക ലോകവും റഷ്യയും തമ്മിലുള്ള ചര്‍ച്ച സഹായിക്കും. സഹിഷ്ണുതയും മിതവാദവും ഇസ്‌ലാമിന്റെ സവിശേഷതകളാണ്. വ്യത്യസ്ത വംശങ്ങളിലും വിഭാഗങ്ങളിലുംപെട്ട മനുഷ്യരാശിക്കിടയില്‍ ഇസ്‌ലാമിന് സ്വീകാര്യത നല്‍കിയത് ഇതാണ്.
ഈ മേഖലയില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങളെ പിന്തുണക്കാന്‍ സൗദി അറേബ്യ ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. മക്ക ചാര്‍ട്ടര്‍ അംഗീകരിച്ചതും യു.എന്നിനു കീഴിലെ അലയന്‍സ് ഓഫ് സിവിലൈസേഷന്‍ ഓഫീസിന് പിന്തുണ നല്‍കിയതുമടക്കം ഈ രംഗത്ത് നിരവധി കാര്യങ്ങള്‍ സൗദി അറേബ്യ ചെയ്തിട്ടുണ്ട്. ഈ തത്വങ്ങള്‍ ശക്തമാക്കാന്‍ ഭാവിയില്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ വിയോജിപ്പല്ലെന്നും സഹിഷ്ണുത മഹോന്നത മൂല്യങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും രാജ്യം വിശ്വസിക്കുന്നു.
സൗദി, റഷ്യ ബന്ധം ശക്തവും ചരിത്രപരവുമാണ്. ഉഭയകക്ഷി ബന്ധത്തിന് 95 വര്‍ഷത്തിലേറെ പഴക്കമുണ്ട്. സമീപ കാലത്ത് സൗദി, റഷ്യ ബന്ധത്തില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. ഉന്നതതല സന്ദര്‍ശനങ്ങള്‍ക്കിടെ സാമ്പത്തിക, സാംസ്‌കാരിക, പ്രതിരോധ മേഖലകളില്‍ നിരവധി കരാറുകള്‍ ഒപ്പുവെച്ചു.
അന്താരാഷ്ട്ര നിയമസാധുത മാനിക്കല്‍, പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ ബന്ധങ്ങള്‍ സ്ഥാപിക്കല്‍, രാജ്യങ്ങളുടെ പരമാധികാരം, സ്വാതന്ത്ര്യം, അഖണ്ഡത, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ അടക്കമുള്ള പ്രധാന തത്വങ്ങള്‍ സൗദി അറേബ്യയും റഷ്യയും പങ്കുവെക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന, സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്ന, പ്രാദേശിക സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ അവലംബമായി വര്‍ത്തിക്കുകയും ചെയ്യുന്ന നീതിയുക്തമായ ലോകക്രമത്തോടുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും പാലിക്കുന്നു.
സൗദി അറേബ്യയും റഷ്യയും ജി-20 ഗ്രൂപ്പിലും ഒപെക് പ്ലസ് കൂട്ടായ്മയിലും അംഗങ്ങളാണ്. ഇത് അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കാന്‍ രണ്ടു ഗ്രൂപ്പുകളുടെയും ചട്ടക്കൂടിനുള്ളില്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളെയും പ്രാപ്തമാക്കി. ഇസ്‌ലാമിക ലോകവുമായി റഷ്യക്ക് ശക്തവും ആഴത്തിലുള്ളതുമായ ബന്ധമുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനില്‍ നിരീക്ഷക അംഗമെന്ന നിലയിലെ റഷ്യയുടെ സാന്നിധ്യം ഈ ബന്ധമാണ് വ്യക്തമാക്കുന്നത്. റഷ്യയില്‍ രണ്ടു കോടിയിലേറെ മുസ്‌ലിംകളുണ്ട്.
റഷ്യയുമായുള്ള ഇസ്‌ലാമിക രാജ്യങ്ങളുടെ ബന്ധത്തിന്റെ ചലനാത്മകത വൈവിധ്യപൂര്‍ണമാണ്. ശാസ്ത്ര, സാങ്കേതിക, വികസന, വിദ്യാഭ്യാസ, സോഫ്റ്റ്‌വെയര്‍ മേഖലകളില്‍ സഹകരണത്തിന്റെ പാലങ്ങള്‍ പണിയാന്‍ ഇത് സാഹചര്യമൊരുക്കുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, പകര്‍ച്ചവ്യാധി വ്യാപനം, സാമ്പത്തിക മാന്ദ്യം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ അടക്കമുള്ളവ ലോകത്തെ എല്ലാ രാജ്യങ്ങളും ഒരുപോലെ നേരിടുന്ന വെല്ലുവിളികളാണ്. ഈ വെല്ലുവിളികള്‍ തരണം ചെയ്യാന്‍ റഷ്യയും ഇസ്‌ലാമിക ലോകവും സഹകരണം ശക്തമാക്കണം. ഹലാല്‍ ഉല്‍പന്നങ്ങള്‍, ഇസ്‌ലാമിക് ഫിനാന്‍സ് പോലുള്ള മേഖലകളില്‍ ശക്തമായ സാമ്പത്തിക പങ്കാളിത്തങ്ങള്‍ സ്ഥാപിക്കാന്‍ ഇസ്‌ലാമിക ലോകത്തിനും റഷ്യക്കും എമ്പാടും അവസരങ്ങളുണ്ടെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.
ഇസ്‌ലാമിക ലോകവും റഷ്യയും അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും വെല്ലുവിളികള്‍ നേരിടുന്നതില്‍ സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ട് ചേര്‍ന്ന യോഗത്തില്‍ തതാര്‍സ്ഥാന്‍ പ്രസിഡന്റ് റുസ്തം മിന്നിക്കനോവ് അടക്കം റഷ്യയില്‍ നിന്നും ഇസ്‌ലാമിക ലോകത്തു നിന്നുമുള്ള ഉന്നതോദ്യോഗസ്ഥരും പണ്ഡിതരും ചിന്തകരും പങ്കെടുത്തു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനില്‍ റഷ്യക്ക് നിരീക്ഷക അംഗമെന്ന പദവി ലഭിച്ചതിനെ തുടര്‍ന്ന് 2006 ലാണ് സ്ട്രാറ്റജിക് വിഷന്‍ ഗ്രൂപ്പ് സ്ഥാപിച്ചത്. ഇതിനു ശേഷം മോസ്‌കോയിലും കാസാനിലും ഇസ്താംബൂളിലും ജിദ്ദയിലും കുവൈത്തിലും ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്.
 

 

Latest News