ഇന്ത്യയുടെ നടപടി തിരിച്ചടിക്കും, എണ്ണ ഉല്‍പാദക രാജ്യങ്ങളുമായി ബന്ധം വഷളാകും

ന്യൂദല്‍ഹി- ക്രൂഡോയില്‍ വില കുറയ്ക്കാനെന്ന പേരില്‍ കരുതല്‍ എണ്ണ ശേഖരം വിപണിയില്‍ ഇറക്കുന്നത് ഇന്ത്യക്ക് ഭാവിയില്‍ വന്‍തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍. അമേരിക്കയുടെ രാഷ്ട്രീയതാല്‍പ്പര്യ സംരക്ഷണത്തിനായാണ് എണ്ണമേഖലയില്‍ വ്യാപാരയുദ്ധത്തിന് വഴിതുറക്കുന്ന നീക്കത്തിന് ഇന്ത്യ കൂട്ടുനില്‍ക്കുന്നത്.

കുറഞ്ഞ വിലയില്‍ സംഭരിച്ച എണ്ണ നാലിരട്ടി നിരക്കില്‍ വിറ്റ് ലാഭം കൊയ്യാനുള്ള വ്യഗ്രതയും അമേരിക്കയുടെ സമ്മര്‍ദവുമാണ് കരുതല്‍ എണ്ണശേഖരം പൊതുവിപണിയില്‍ വില്‍ക്കുന്നതിനു പിന്നിലുള്ളത്.

അമേരിക്ക, ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ വന്‍കിട എണ്ണ ഉപഭോഗ രാജ്യങ്ങള്‍ കരുതല്‍നിക്ഷേപത്തില്‍നിന്ന് വില്‍പ്പന നടത്തിയാല്‍ എണ്ണ ഉത്പാദകരായ ഒപെക് രാജ്യങ്ങള്‍ എണ്ണവില കുറയ്ക്കാന്‍ സന്നദ്ധരാകുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. അറുപത് കോടി വീപ്പയിലേറെ എണ്ണ കരുതല്‍ശേഖരമുള്ള അമേരിക്ക 50 ലക്ഷം വീപ്പയാണ് വില്‍ക്കുന്നത്. ഇന്ത്യയുടെ കരുതല്‍ശേഖരം നാലു കോടി വീപ്പയില്‍ താഴെമാത്രമാണ്. ചൈന, ജപ്പാന്‍ രാജ്യങ്ങള്‍ക്കും ഇന്ത്യയേക്കാള്‍ കൂടുതല്‍  കരുതല്‍ശേഖരമുണ്ട്.

അമേരിക്കയുടെ തീരുമാനത്തിനു വഴങ്ങിയുള്ള ഇന്ത്യയുടെ നീക്കം ഒപെക് രാജ്യങ്ങളുമായുള്ള അനാവശ്യ മത്സരത്തിന് വഴിവെക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. രാജ്യാന്തരവിപണിയില്‍ എണ്ണവിലയില്‍ സ്ഥിരതയുണ്ടാകാന്‍ നയതന്ത്ര പരിഹാരമാണ് വേണ്ടത്. കോവിഡില്‍ വിലയിടിഞ്ഞപ്പോള്‍ വീപ്പയ്ക്ക് 19 ഡോളറിനു വാങ്ങിയ എണ്ണ വില്‍ക്കുമ്പോള്‍ പകരം വാങ്ങാന്‍ നിലവിലെ വിപണിവില നല്‍കേണ്ടിവരും.
ഇന്ത്യക്ക് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.  പ്രതിദിനം 42 ലക്ഷം വീപ്പയാണ് ഇന്ത്യയുടെ ഇറക്കുമതി.  

 

Latest News