റിയാദ് - പുതുതായി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കാൻ തീരുമാനിച്ച പന്ത്രണ്ടു മേഖലകളിൽ ഒരു രാജ്യക്കാർക്കും പ്രത്യേക ഇളവില്ലെന്നും ഈ മേഖലകളിലെ ഒരു തൊഴിലും സൗദിവൽക്കരണത്തിൽ നിന്ന് മാറ്റിനിർത്തില്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സ്വകാര്യ മേഖലയിൽ സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള തീരുമാനം മുഹറം ഒന്നു (സെപ്റ്റംബർ 11) മുതൽ നടപ്പാക്കിത്തുടങ്ങുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
മൂന്നു ഘട്ടമായി പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജനുവരി 29 നാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രാലയം പ്രഖ്യാപിച്ചത്. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്രക്കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കൽ നിർബന്ധമാണ്. വാച്ച് കടകൾ, കണ്ണട കടകൾ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലാണ് നിർബന്ധിത സൗദിവൽക്കരണം നിലവിൽ വരിക. മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതൽ വിദേശികൾ ജോലി ചെയ്യുന്നതിന് പൂർണ വിലക്കുണ്ടാകും.






