യുപിയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ് ബിജെപിയില്‍ ചേര്‍ന്നു

ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ റായ് ബറേലി സദര്‍ എംഎല്‍എയാണ് ഇവര്‍. ഗാന്ധി കുടുംബവുമായും പ്രിയങ്ക ഗാന്ധിയുമായും ഏറെ അടുപ്പമുണ്ടായിരുന്ന അദിതി 2019ലാണ് കോണ്‍ഗ്രസുമായി അകന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി പാര്‍ട്ടിയുമായുള്ള ബന്ധം മുറിച്ചിരുന്നില്ല. ഇതിനിടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അതിദിയെ അയോഗ്യയാക്കണമെന്ന് കോണ്‍ഗ്രസ് യുപി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും നടന്നില്ല. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് അദിതി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 

കോണ്‍ഗ്രസുമായി ഇടഞ്ഞ് നേതാക്കള്‍ക്കെതിരെ അദിതി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. വിവാദമായി കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്തതിന് കഴിഞ്ഞയാഴ്ചയാണ് അദിതി പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ചത്. പഞ്ചാബിലെ യുവ കോണ്‍ഗ്രസ് എംഎല്‍എ അംഗദ് സിങ് സൈനിയാണ് അദിതിയുടെ ഭര്‍ത്താവ്.
 

Latest News