Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ 98 ലക്ഷത്തിന്റെ സ്വർണവും  36 ലക്ഷത്തിന്റെ കറൻസികളും പിടികൂടി 

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ച് യാത്രക്കാരിൽ നിന്നായി 98 ലക്ഷത്തിന്റെ സ്വർണവും 36 ലക്ഷം രൂപക്ക് തുല്യമൂല്യമുള്ള വിദേശ കറൻസികളും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഫ്‌ളൈ ദുബൈ വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ മലപ്പുറം മങ്കരത്തൊടി സ്വദേശി മുജീബിൽ (40) നിന്നാണ് 1998 ഗ്രാം സ്വർണം പിടിച്ചത്. സ്വർണ ബിസ്‌കറ്റുകൾ ബ്ലൂടൂത്ത് സ്പീക്കറിന്റെ റീചാർജബിൾ ബാറ്ററി ചേംബറിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.
ഷാർജയിലേക്ക് എയർഅറേബ്യ വിമാനത്തിൽ പോകാനെത്തിയ കോഴിക്കോട് പാറക്കടവ് സ്വദേശി മുഹമ്മദ് അനസിൽ (27) നിന്നും 14.61 ലക്ഷം, എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഷാർജയിലേക്ക് പോകാനെത്തിയ യാത്രക്കാരായ മലപ്പുറം പുല്ലിപ്പറമ്പ് സ്വദേശി മുഹമ്മദ് മുഷ്താഖിൽ (22) നിന്നും 5.63 ലക്ഷം, ചേലമ്പ്ര വടക്കേക്കര റഷീദിൽ (41)നിന്നും 11.05 ലക്ഷം, കോഴിക്കോട് പാഴൂർ സ്വദേശി വയോളി യാസിർ അഹമ്മദിൽ (38) നിന്നും 4.76 ലക്ഷം എന്നിങ്ങിനെ വിദേശ കറൻസികളും കണ്ടെടുത്തു. അനസിൽ നിന്നും 5000 യു.എസ്. ഡോളറും ബാക്കിയുള്ളവരിൽ നിന്ന് സൗദി റിയാലുമാണ് പിടിച്ചെടുത്തത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. എസ്.എസ്. ശ്രീജു, സൂപ്രണ്ടുമാരായ പ്രമോദ് കുമാർ സവിത, റഫീഖ് ഹസൻ, ഇൻസ്‌പെക്ടർമാരായ സന്ദീപ് നൈൻ, ടി.വി. ശശിധരൻ, കെ. രാജീവ്, കെ.പി. ധന്യ, പരിവേഷ് കുമാർ സ്വാമി, സി.സി. ആന്റണി തുടങ്ങിയ സംഘമാണ് സ്വർണവും കറൻസികളും പിടിച്ചത്.

Latest News