മഞ്ചേരി- ഭാര്യയുടെ 17 കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിന് മഞ്ചേരി പോക്സോ അതിവേഗ കോടതി ഇരട്ടജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് കാക്കൂർ സ്വദേശിയായ 34 കാരനെയാണ് ജഡ്ജി പി.ടി. പ്രകാശൻ ശിക്ഷിച്ചത്. 2014 ഏപ്രിൽ 25 നായിരുന്നു പ്രതിയുടെ വിവാഹം. ദമ്പതികൾ ക്രൂയിസ് കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യക്ക് അവധി ലഭിക്കാത്തതിനാൽ 2018 ജൂലൈ 29 ന് തനിച്ചാണ് യുവാവ് ഭാര്യാ വീട്ടിലെത്തിയത്. പിറ്റേന്ന് ഭാര്യയുടെ മാതാപിതാക്കൾ പുറത്തു പോയ സമയത്ത് പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. അവധി തീർന്ന് പോകുന്നതുവരെ പലതവണ പീഡനം ആവർത്തിക്കുകയും ചെയ്തു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇത് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 2019 ജൂലൈ അഞ്ചിന് പെൺകുട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവാവ് അറസ്റ്റിലായി.
എം.ബി.എ ബിരുദധാരിയാണ് പ്രതി. വിദ്യാസമ്പന്നനും യുവാവുമായ പ്രതി പെൺകുട്ടിയെ സംരക്ഷിക്കാൻ തീർത്തും ബാധ്യസ്ഥനാണ് എന്നതിനാൽ ഒരു തരത്തിലുള്ള ദയക്കും ഇയാൾ അർഹനല്ലെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജീവപര്യന്തം എന്നത് ജീവിതാന്ത്യം വരെയെന്ന് കോടതി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നൽകിയ കേസ് മഞ്ചേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ നിലവിലുണ്ട്.






