Sorry, you need to enable JavaScript to visit this website.

വലിയ കക്ഷികളെ അടുപ്പിക്കാതെ സമാജ്‌വാദി പാര്‍ട്ടി; യുപിയില്‍ ബിജെപിക്കെതിരെ പുതിയ സംഖ്യം വരുന്നു

ലഖ്‌നൗ- മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് മുഖ്യഎതിരാളിയായി രംഗത്തുള്ള  സമാജ്‌വാദി പാര്‍ട്ടി (എസ്പി) ചെറിയ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് പുതിയ സഖ്യത്തിന് രൂപം നല്‍കുന്നു. യുപിയില്‍ പ്രാദേശികമായി സ്വാധീനമുള്ള ചെറുപാര്‍ട്ടിയായ രാഷ്ട്രീയ ലോക് ദളു(ആര്‍എല്‍ഡി)മായി ചര്‍ച്ച നടത്തിയതിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിയുമായി എസ് പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തി. എഎപി എംപി സഞ്ജയ് സിങുമായാണ് കൂടിക്കാഴ്ച നടന്നത്. 

ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഔദ്യോഗിക സഖ്യ പ്രഖ്യാപനം ഉണ്ടായിട്ടില്ല. മറ്റൊരു ചെറുപാര്‍ട്ടിയായ മുന്‍ ബിജെപി സഖ്യകക്ഷി സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ് ബിഎസ്പി)യുമായി ചേര്‍ന്ന് അഖിലേഷ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി വരുന്നുണ്ട്. എസ് ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭര്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. പൂര്‍വാഞ്ചല്‍ മേഖല എന്നറിയപ്പെടുന്ന കിഴക്കന്‍ യുപിയില്‍ 30-40 സീറ്റുകളില്‍ എസ് ബിഎസ്പിക്ക് സ്വാധീനമുണ്ട്. അതിനിടെ മറ്റൊരു ചെറുപാര്‍ട്ടിയായ അപ്‌നാ ദള്‍ (കമെര്‍വാഡി) തെരഞ്ഞെടുപ്പില്‍ എസ്പിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേലിന്റെ മാതാവ് കൃഷ്ണ പട്ടേലിന്റെ പാര്‍ട്ടിയാണ് അപ്‌ന ദള്‍. എന്‍ഡിഎ സഖ്യത്തിലുള്ള അപ്‌ന ദള്‍ വിഭാഗത്തിന്റെ നേതാവാണ് അനുപ്രിയ. 

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബദ്ധവൈരിയായ ബിഎസ്പിയുമായും സഖ്യമുണ്ടാക്കി മത്സരിച്ച് വന്‍പരാജയം ഏറ്റുവാങ്ങിയ എസ്പി ഇനി വലിയ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപിക്കെതിരെ ഒരു പൊതു പ്ലാറ്റ്‌ഫോമിനു രൂപം നല്‍കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് അഖിലേഷുമായുള്ള കൂടിക്കാഴ്ചയില്‍ തുടക്കമിട്ടതെന്ന് എഎപി പറഞ്ഞു. എസ്പിയില്‍ നിന്ന് ഇതുസംബന്ധിച്ച സ്ഥിരീകരണമോ പ്രതികരണമോ ഉണ്ടായിട്ടില്ല. എഎപി ആദ്യമായാണ് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിനിറങ്ങുന്നത്.
 

Latest News