ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി ഓൺലൈൻ തട്ടിപ്പുസംഘം ലക്ഷങ്ങൾ കവർന്നു

കണ്ണൂർ- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കെ.എസ്.ഇ.ബിയുടെയും പേരിൽ ഉപഭോക്താക്കളെ വഞ്ചിച്ച് അജ്ഞാത തട്ടിപ്പു സംഘം ഓൺലൈൻ വഴി എട്ടേകാൽ ലക്ഷം രൂപ കവർന്നു. എസ്.ബി.ഐ ക്രഡിറ്റ് കാർഡിന്റെ പേരിലും കെ.എസ്.ഇ.ബിയുടെ കറണ്ട് ചാർജിന്റെ പേരിലുമാണ് ഒരു വീട്ടമ്മയുടേതടക്കം ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം കവർന്നത്. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘങ്ങളാണെന്നാണ് സൂചന. കണ്ണൂർ സൈബർ സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
കണ്ണൂരിലെ വീട്ടമ്മയുടെ നാലര ലക്ഷം രൂപയും കൂത്തുപറമ്പിലെ എയർഫോഴ്‌സ് ജീവനക്കാരന്റെ മൂന്നേമുക്കാൽ ലക്ഷം രൂപയുമാണ് നഷ്ടമായത്. വീട്ടമ്മ ക്രഡിറ്റ് കാർഡിന് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ പേരിൽ ഇവർക്ക് മൂന്ന് സന്ദേശങ്ങൾ മൊബെലിൽ എത്തി. വെരിഫിക്കേഷൻ എന്ന പേരിലായിരുന്നു സന്ദേശം. എസ്.ബി.ഐയുടെ ടോൾ ഫ്രീ നമ്പർ എന്ന നിലയിൽ ഇവർക്ക് ഒരു നമ്പർ നൽകുകയും ഇതിലേക്ക് അവർ വിളിക്കുകയും ചെയ്തു. അതോടെ ഇവരുടെ ഫോൺ ബ്ലോക്കായി. പിന്നീട്  അവർക്കൊരു സന്ദേശം വന്നു. സന്ദേശം പരിശോധിച്ചുകൊണ്ടിരിക്കെ വീട്ടമ്മയുടെ സ്ഥിരം നിക്ഷേപത്തിൽനിന്ന് പണം നഷ്ടപ്പെട്ടിരുന്നു. സ്ഥിരം നിക്ഷേപത്തിൽനിന്ന് വായ്പ എടുത്തുവെന്ന നിലയിലാണ് പണം നഷ്ടപ്പെട്ടത്. ഈ രീതിയിലുള്ള ഒരു തട്ടിപ്പ് സംസ്ഥാനത്ത് ഇതാദ്യമാണ്. പണം തട്ടിയെടുത്തതിന് പുറമെ തട്ടിപ്പ് സംഘം ഫ്‌ളിപ്പ്കാർട്ട് വഴി ഇവരുടെ അക്കൗണ്ട് ഉപയോഗിച്ച് രണ്ട് മൊബൈൽ ഫോണുകളും വാങ്ങിച്ചു. മൊബൈൽ ഫോൺ സ്‌ക്രീനിലെ വിവരങ്ങൾ ഏതോ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചോർത്തിയെടുത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഫോണിൽ വന്ന മെസേജുകളും നടത്തിയ ബാങ്ക് ഇടപാടുകളുമടക്കം മനസ്സിലാക്കിയ ശേഷം വീട്ടമ്മയുടെ സ്ഥിരം നിക്ഷേപത്തിൽനിന്ന് വായ്പയായി പണം തട്ടിയെടുക്കുകയായിരുന്നു.    
എയർഫോഴ്‌സ് ജീവനക്കാരൻ വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നും അതിനാൽ വൈദ്യുതി വിഛേദിക്കുമെന്നും പറഞ്ഞ് വ്യാജ സന്ദേശമയച്ചാണ് തട്ടിപ്പ് നടത്തിയത്. എയർഫോഴ്‌സ് ജീവനക്കാരൻ വൈദ്യുതി ബിൽ അടച്ചതായി സന്ദേശം നൽകുകയും ബിൽ അടച്ചതിന്റെ കോപ്പി അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇവിടെ കിട്ടിയില്ലെന്നും അതിനാൽ കെ.എസ്.ഇ.ബിയുടെ പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അതിലേക്ക് പത്ത് രൂപ ഓൺലൈനായി അടക്കാനും പറഞ്ഞു. എയർഫോഴ്‌സ് ജീവനക്കാരൻ അടച്ചപ്പോൾ ആ തുക കിട്ടിയിട്ടില്ലെന്നും അതിനാൽ വീണ്ടുമൊരു 25 രൂപ അടക്കുകയോ അല്ലെങ്കിൽ ബി.എസ്.എൻ.എൽ നമ്പർ പത്ത് രൂപ റീചാർജ് ചെയ്യുകയോ വേണമെന്ന സന്ദേശമാണ് കിട്ടിയത്. ജീവനക്കാരൻ പത്ത് രൂപ റീചാർജ് ചെയ്തയുടൻ മൂന്ന് തവണയായി പണം നഷ്ടപ്പെടുകയായിരുന്നു. വൈദ്യുതി ബന്ധം വിഛേദിക്കുന്നുവെന്ന രീതിയിലുള്ള വ്യാജസന്ദേശം പ്രചരിക്കുന്നതായി കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങൾ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശ്ശിഖ തുക, സെക്ഷന്റെ പേര്, പണമടക്കാനുള്ള വെബ്‌സൈറ്റ് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒ.ടി.പി തുടങ്ങിയവ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ കെ.എസ്.ഇ.ബി ആവശ്യപ്പെടാറില്ല. എന്നാൽ അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും സ്‌ക്രീൻ ഹാക്ക് ചെയ്ത് മൊബൈൽ ഫോണിലെ മുഴുവൻ വിശദാംശങ്ങളും കൈക്കലാക്കാൻ കഴിയുന്ന പുതിയ തട്ടിപ്പാണ് സംഘം നടത്തിയത്. തട്ടിപ്പിനെ കുറിച്ച് സൈബർ സെൽ വിശദമായ അന്വേഷണം തുടങ്ങി.
 

Latest News