Sorry, you need to enable JavaScript to visit this website.

ഡെലിവറി ജോലിക്കാർക്ക് ഒന്നര ലക്ഷം വരെ വായ്പകൾ അനുവദിക്കാൻ നീക്കം

റിയാദ് - ഡെലിവറി മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തമായി വാഹനങ്ങൾ വാങ്ങുന്നതിന് സാമൂഹിക വികസന ബാങ്ക് ഒന്നര ലക്ഷം റിയാൽ വരെ ലഘുവായ്പകൾ അനുവദിക്കുന്നു. ഫ്രീലാൻസ് തൊഴിൽ രീതി പ്രോത്സാഹിപ്പിക്കാനും വ്യക്തികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കുറഞ്ഞ വരുമാനക്കാരായ സ്വദേശികൾക്ക് അധിക വരുമാന മാർഗം ലഭ്യമാക്കാനും തൊഴിലില്ലായ്മ നിരക്ക് കുറക്കാനും അനൗദ്യോഗിക രീതികളിൽ വായ്പകളെടുക്കുന്നത് പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമൂഹിക വികസന ബാങ്ക് വഴി വായ്പകൾ അനുവദിക്കുന്നത്. 
ജോലി ചെയ്യാൻ ശേഷിയുള്ള, തൊഴിലവസരങ്ങൾ ലഭിക്കാത്ത സ്വദേശികൾക്കും വരുമാനം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ഡെലിവറി മേഖലയിൽ പ്രവർത്തിക്കാൻ വായ്പകൾ അനുവദിക്കുമെന്ന് സാമൂഹിക വികസന ബാങ്ക് പറഞ്ഞു. ഓൺലൈൻ ടാക്‌സി മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാറുകൾ വാങ്ങാൻ നേരത്തെ മുതൽ സാമൂഹിക വികസന ബാങ്ക് വായ്പകൾ അനുവദിക്കുന്നുണ്ട്. 


പതിനെട്ടു മുതൽ അറുപതു വരെ വയസ് പ്രായമുള്ളവർക്കാണ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കാൻ ലഘുവായ്പകൾ അനുവദിക്കുന്നത്. അപേക്ഷകർ നേരത്തെ സാമൂഹിക വികസന ബാങ്കിൽ നിന്ന് എടുത്ത ലോൺ തിരിച്ചടക്കാതെ ബാക്കിയുണ്ടാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അപേക്ഷകരുടെ പ്രതിമാസ വരുമാനം പതിനാലായിരം റിയാലിൽ കവിയാൻ പാടില്ല. കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസുണ്ടായിരിക്കണമെന്നും ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒടുക്കാതെ ബാക്കിയുണ്ടാകാൻ പാടില്ലെന്നും അംഗീകൃത ഓൺലൈൻ ഡെലിവറി കമ്പനിയിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും വ്യവസ്ഥകളുണ്ട്. 


കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തിൽ ഓൺലൈൻ ഡെലിവറി മേഖലയിൽ ഡെലിവറി ഓർഡറുകളിൽ 33 ശതമാനവും ഓർഡർ തുകയിൽ 45 ശതമാനവും വളർച്ചയുണ്ട്. സൗദിയിൽ ഓൺലൈൻ ഡെലിവറി മേഖലയിൽ പ്രതിമാസം ശരാശരി 92 ലക്ഷം ഓർഡറുകളാണുള്ളത്. മാസത്തിൽ 100 കോടിയിലേറെ റിയാലിന്റെ ഓർഡറുകൾ വിതരണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 
ഓൺലൈൻ ഡെലിവറി ആപ്പുകൾക്കു കീഴിൽ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിക്കും തുടക്കമായിട്ടുണ്ട്. കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ ഡെലിവറി ആപ്പുകൾക്കു കീഴിൽ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് പ്രതിമാസം 3,000 റിയാൽ വരെയാണ് ധനസഹായമായി വിതരണം ചെയ്യുക. പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽനിന്ന് ഫ്രീലാൻസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും ഓരോ മാസവും മിനിമം എണ്ണം ഡെലിവറികൾ നടത്തിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 

Tags

Latest News