ഇരിട്ടി നഗരത്തിനു സമീപം കാട്ടാനകളെത്തിയത്  ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി

കാട്ടാനകൾ ഇരിട്ടി ജനവാസ കേന്ദ്രത്തിൽ.

കണ്ണൂർ- ഇരിട്ടി നഗരത്തിന് സമീപം കാട്ടാനകൾ എത്തിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ആനയെ തുരത്തുന്നതിനിടെ വനപാലകന് പരിക്കേറ്റു. ആറളം വന്യജീവി സങ്കേതത്തിൽനിന്നും ആറളം ഫാമും കടന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് രണ്ട് കാട്ടു കൊമ്പന്മാർ ഇരിട്ടി പട്ടണത്തിൽനിന്നും നാല് കിലോമീറ്ററപ്പുറം പായം മുക്കിലെത്തിയത്. ബുധനാഴ്ച പുലർച്ചെയാണ് പായംമുക്ക് കടവിന് സമീപം  മുരിങ്ങൂർ ഭാഗത്ത് ആയഞ്ചേരി രാജൻ എന്നയാളുടെ വീട്ടുപറമ്പിനോട് ചേർന്ന് രണ്ട് കാട്ടാനകളെ കാണുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൾ ജനങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി. വനപാലകരുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ്  കാട്ടുകൊമ്പന്മാരെ ഫാമിന്റെ അധീന മേഖലയിലേക്ക് തിരിച്ച്  കയറ്റാനായത്.
ആറളം, മുഴക്കുന്ന് പഞ്ചായത്തുകൾ അതിരിട്ടൊഴുകുന്ന ബാവലിപ്പുഴക്കരയിലൂടെ കിലോമീറ്റർ താണ്ടി ആറളം പാലത്തിനടിയിലൂടെയാണ് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയത്. ആറളം ഫോറസ്റ്റർ കെ. ജിജിൽ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ  സുധീർ നാരോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആറളം പോലീസും സ്ഥലത്തെത്തി ആനകളെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. മേഖലയിലുള്ള ജനങ്ങൾക്ക് മൈക്കിലൂടെയും മറ്റും മുന്നറിയിപ്പുകളും നൽകി. ഇതിനിടയിൽ ആനകൾ രണ്ടും ചാക്കാട് കോളനിക്കു സമീപമെത്തി. തുടർന്ന് ബാവലിപ്പുഴ കടന്ന് പൂതക്കുണ്ട് പുഴക്കരയിലും ആറളം പാലത്തിന് സമീപത്തെ പൊന്തക്കാടുകൾക്കിടയിലും ഏറെ നേരം നിലയുറപ്പിച്ചു. ആറളം പാലത്തിലും മറ്റും ആനകളെ കാണാൻ ജനക്കൂട്ടമെത്തിയത് ഇവയെ തുരത്തി വിടുന്നതിന് പ്രയാസം സൃഷ്ടിച്ചു. 
ആനയെത്തിയതറിയാതെ പുഴക്കരയിൽ കെട്ടിയിട്ട പശുക്കളെ അഴിച്ചുകൊണ്ടുപോകുന്നതിനും മറ്റുമായി ആളുകൾ പുഴയിലേക്ക് ഇറങ്ങുന്നത് ആശങ്കയുണ്ടാക്കി. എല്ലാവരെയും പാലത്തിൽനിന്നും മാറ്റാൻ പോലീസും വനം വകുപ്പധികൃതരും പാടുപെട്ടു. ആനകൾ പാലം കടന്നു പോകുന്നത് വരെ ഇരു ഭാഗത്തേക്കുമുള്ള ഗതാഗതവും പോലീസ് തടഞ്ഞു. 
പടക്കം പൊട്ടിച്ചും മരംമുറി യന്ത്രത്തിന്റെ ശബ്ദും ഉണ്ടാക്കിയും വീണ്ടും ഏറെ പണിപ്പെട്ട് ഉച്ചയ്ക്ക് ഒന്നോടെ പാലത്തിനടിയിലൂടെ പുഴ കടത്തി കാപ്പുംകടവ് ഭാഗം വഴി ആറളം ഫാമിനുള്ളിലേക്ക് കടത്തിവിടുകയായിരുന്നു. കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വാച്ചർ എ.കെ. അനൂപിന് പരിക്കേറ്റു. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ കൈയിൽനിന്ന് പൊട്ടുകയായിരുന്നു. അനൂപിനെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വലത് കൈപ്പത്തിക്കാണ് പരിക്ക്.
ഒരുമാസം മുമ്പ് ആറളം പഞ്ചായത്തിലെ പൂതക്കുണ്ട് മേഖലയിലെത്തിയ ആന ഈ മേഖലയിൽ മണിക്കൂറുകളോളം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. അന്നും ആറളംപാലം വഴിയാണ് ആനകളെ ഫാമിനുള്ളിലേക്ക് കടത്തിവിട്ടത്. അന്ന് വന്ന ആന തന്നെയാണ് ഇതെന്ന് സംശിക്കുന്നതായി വനംവകുപ്പധികൃതർ പറഞ്ഞു. ആറളം വൈൽഡ് ലൈഫ് വാർഡൻ സുധീൽ നരോത്ത്, ഇരിട്ടി ഫോറസ്റ്റർ കെ. ജിജിൽ, 20 ഓളം വാച്ചർമാർ, ഗ്രാമപ്പഞ്ചായത്തംഗം കെ.വി. റഷീദ് എന്നിവർ ആനതുരത്തലിന് നേതൃത്വം നൽകി.
 

Latest News