Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിലെയും കോൺഗ്രസിലെയും സംഘടനാ തെരഞ്ഞെടുപ്പുകൾ

പാർട്ടിക്കകത്തെ തെരഞ്ഞെടുപ്പു മാത്രമല്ല, പോഷക സംഘടനകളിലെ തെരഞ്ഞെടുപ്പും നിയന്ത്രിക്കുന്നത് പാർട്ടി തന്നെ. ഫലത്തിൽ ജനാധിപത്യ മൂല്യങ്ങളൊന്നും പാലിക്കാതെയാണ് കമ്യൂണിസ്റ്റ് പാർട്ടികളിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. കോൺഗ്രസിലാകട്ടെ അതുമുണ്ടാകാറില്ല. സമവായം അല്ലെങ്കിൽ ഹൈക്കമാന്റ് തീരുമാനം. അതാണവിടെ നടപ്പാക്കുക. 

 

കേരളത്തിൽ രണ്ടു പ്രധാന രാഷ്ട്രീയ പാർട്ടികൾ സംഘടനാ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുകയാണ്. സി.പി.എം അവരുടെ ചിട്ടയായ ശൈലിയിൽ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾക്കു ശേഷം ഏരിയാ സമ്മേളനങ്ങളിലേക്കു കടന്നു. ഇനി ജില്ലാ, സംസ്ഥാന സമ്മേളനങ്ങളും പിന്നെ പാർട്ടി കോൺഗ്രസും നടക്കും. സമ്മേളനങ്ങളുടെ ഭാഗമായി ഒരോ ഘടകത്തിലും ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നു. മുമ്പു പലപ്പോഴും ഉണ്ടായ പോലെ രാഷ്ട്രീയ ചർച്ചകളിലോ ഭാരവാഹി തെരഞ്ഞെടുപ്പിലോ കാര്യമായ ഭിന്നതയൊന്നും ഇക്കുറിയില്ലെന്നാണ് വിവരം. അതിന്റെ കാരണങ്ങളിലേക്ക് പിന്നാലെ വരാം. മറുവശത്ത്  സമവായത്തോടെ ഭാരവാഹികൾ എന്ന നയത്തിനു പകരം, കാലങ്ങൾക്കു ശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് കോൺഗ്രസിന്റെയും തീരുമാനം. ജനാധിപത്യ സംവിധാനത്തിൽ ഭരണത്തെ നിയന്ത്രിക്കുന്നതും നയപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളെടുക്കുന്നതുമെല്ലാം രാഷ്ട്രീയ പാർട്ടികളാണ്. ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലാണ് പാർട്ടികൾ എന്നു പറയാം. പാർട്ടികളെ നിയന്ത്രിക്കുന്നതാകട്ടെ, അവയുടെ ഭാരവാഹികളും. അക്കാരണങ്ങളാൽ തന്നെ ഈ തെരഞ്ഞെടുപ്പുകൾക്ക് ജനാധിപത്യത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. അത് പാർട്ടികളുടെ ആഭ്യന്തര പ്രശ്‌നമല്ല, മുഴുവൻ ജനങ്ങളുടെയും പ്രശ്‌നമാണ്. അവരെ നേരിട്ടു തന്നെ ബാധിക്കുന്ന വിഷയമാണ്.

എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ലോകം പരീക്ഷിച്ച രാഷ്ട്രീയ സംവിധാനങ്ങളിൽ ഭേദം ജനാധിപത്യമാണെന്നതിൽ സംശയമില്ല. അടിമയിൽ നിന്നും പ്രജയിൽ നിന്നും മനുഷ്യരെ പൗരന്മാരാക്കി മാറ്റിയത് ജനാധിപത്യമാണ്. അതിനു മുമ്പു തന്നെയുള്ള രാജഭരണം, ഫ്യൂഡൽ കാലഘട്ടം, മതരാഷ്ട്രം തുടങ്ങിയവ മാത്രമല്ല, അതിനു ശേഷം വന്ന സോഷ്യലിസം പോലും പൗരത്വത്തെ അംഗീകരിച്ചില്ല. സ്വന്തം ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയിൽ പങ്കാളിത്തം എന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവമാണ്. അതിലെ പോരായ്മകളെ കുറിച്ച് ചർച്ച ചെയ്യാം. അപ്പോഴും അതിനേക്കാൾ പുരോഗമനപരമായ ഒരു സംവിധാനവും ഇന്നോളം പരീക്ഷിക്കപ്പെട്ടിട്ടില്ല. 

തീർച്ചയായും കേരളത്തിൽ ഇത്തരമൊരു അഭിപ്രായം പറയുമ്പോൾ ശക്തമായ പ്രതിരോധമുണ്ടാകുമെന്നറിയാം. സോഷ്യലിസത്തെ കൂടി ഈ പട്ടികയിൽ പെടുത്തുന്നത് അംഗീകരിക്കാൻ വലിയൊരു വിഭാഗം മലയാളികൾ തയാറല്ലല്ലോ. എന്നാൽ യാഥാർത്ഥ്യമെന്താണെന്ന് അന്വേഷിക്കാൻ പഴയ ചരിത്രത്തിലേക്കൊന്നും പോകേണ്ട. കഴിഞ്ഞ ആഴ്ച ചൈനീസ് പ്രധാനമന്ത്രിക്ക് ആജീവനാന്തകാലം അധികാരം നൽകിയ നടപടി മാത്രം നോക്കിയാൽ മതി. ഏകപാർട്ടി ഭരണം നിലനിൽക്കുന്ന രാജ്യത്ത് തെരഞ്ഞെടുപ്പുകളില്ല. സ്വന്തം ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിൽ ജനത്തിനു ഒരു പങ്കുമില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏകപാർട്ടി ഭരണം. പാർട്ടി നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിലും തെരഞ്ഞെടുപ്പില്ല. സാമ്പത്തിക മേഖലയിലെ മുഴുവൻ കമ്യൂണിസ്റ്റ് ആശയങ്ങളും ഉപേക്ഷിച്ച ശേഷമാണ് ചൈന രാഷ്ട്രീയ രംഗത്ത് ഈ ജനാധിപത്യ വിരുദ്ധ നടപടി തുടരുന്നത് എന്നതാണ് കൗതുകകരം. വടക്കൻ കൊറിയയിൽ എന്താണ് നടക്കുന്നത്? എന്തിനേറെ, കൊട്ടിഘോഷിക്കുന്ന ക്യൂബയിൽ പോലും നടന്നത് കുടുംബ ഭരണമല്ലേ? 

ചൂഷിത വിഭാഗങ്ങൾക്ക് മോചനത്തിന്റെ സ്വപ്‌നങ്ങൾ വാഗ്ദാനം ചെയ്ത് കഴിഞ്ഞ നൂറ്റാണ്ടിൽ ഉദയം കൊണ്ട, വളരെ വേഗം ഒരുപാട് രാഷ്ട്രങ്ങളിലേക്ക് വ്യാപിച്ച, നിരവധി രാഷ്ട്രങ്ങളിൽ ഭരണകൂടങ്ങൾക്ക് രൂപം കൊടുത്ത കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും ആ ഭരണകൂടങ്ങളും അതിനേക്കാൾ വേഗത്തിൽ തകർന്നടിയാൻ കാരണം സമൂഹത്തിലും പാർട്ടിയിലും ജനാധിപത്യത്തിന് ഇടം കൊടുക്കാത്തതായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ഫലത്തിൽ അതിന്റെ നേതാവിന്റെ സമഗ്രാധിപത്യ ഭരണമാണ് എല്ലായിടത്തും അരങ്ങേറിയത്. വ്യത്യസ്ത ആശയങ്ങളോ പാർട്ടികളോ ഇല്ല. സ്വന്തം ഭരണാധികാരികളെ തെരഞ്ഞെടുക്കുക എന്ന മഹത്തായ വിപ്ലവം അട്ടിമറിക്കപ്പെട്ടു. അതിനേക്കാൾ ഭയാനകം ഏതെങ്കിലും രീതിയിൽ പ്രതിഷേധിച്ചവരെയെല്ലാം ഒരു ദയാദാക്ഷിണ്യവും കൂടാതെ കൊന്നൊടുക്കി എന്നതായിരുന്നു. അവരിൽ കമ്യൂണിസ്റ്റ് പാർട്ടികളിലെ തന്നെ ഉന്നത നേതാക്കളും പെട്ടിരുന്നു. എന്നാൽ ചരിത്രത്തിന് ഒരിടത്തും നിശ്ചലമായി നിൽക്കാനാകില്ലല്ലോ. പൗരനിൽ നിന്ന് തിരിച്ചുപോയി വീണ്ടും പ്രജയാകാൻ തയാറല്ല എന്നു പ്രഖ്യാപിച്ച് ഈ രാഷ്ട്രങ്ങളിലെല്ലാം നടന്നത് ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളായിരുന്നു. ചൈനയിലും മറ്റും അവയെ നേരിട്ട രീതി ലോകം മറന്നിട്ടില്ല. എന്നാൽ എല്ലാ ബെർലിൻ മതിലുകളും ആ പോരാട്ടങ്ങൾക്കു മുന്നിൽ തകരുകയായിരുന്നു. ഇപ്പോഴും തുടക്കത്തിൽ പറഞ്ഞ പോലെ ചില രാജ്യങ്ങളിൽ ഇനിയും ആ ലേബലിൽ നിലനിൽക്കാൻ ശ്രമിക്കുന്നു എന്നു മാത്രം. ഇവിടെയും അതാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ ചരിത്രപരമായ വികാസത്തെയും ഭാവിസാധ്യതകളെയും തള്ളിക്കളഞ്ഞാണ് അവരതിനെ ബൂർഷ്വാ ജനാധിപത്യമെന്ന് ആരോപിക്കുന്നത്. 

മനുഷ്യ സമൂഹത്തിന്റെ ചരിത്രം എവിടെയും അവസാനിക്കില്ല എന്നതുതന്നെയാണ് സത്യം. ജനാധിപത്യവും അവസാനമല്ല. പക്ഷേ ഇതുവരെയുള്ള അനുഭവത്തിൽ നിന്ന് നമുക്ക് മുന്നോട്ടു പോകാനാകുക അതിൽ നിന്നാണ്. ഇതുവരെയുള്ള അനുഭവങ്ങളുടെ പാഠത്തിൽ നിന്ന് ജനാധിപത്യത്തിന്റെ പരിമിതികളെ മറികടക്കുന്നതിൽ നിന്നാണ്. അതിനുള്ള സാധ്യതയെങ്കിലുമുള്ളത് ജനാധിപത്യത്തിലാണ്. അത്തരമൊരു കാഴ്ചപ്പാടോടെയാണ് രാഷ്ട്രീയ പാർട്ടികൾക്കകത്തെ തെരഞ്ഞെടുപ്പുകളെയും നോക്കിക്കാണേണ്ടത്. ജനാധിപത്യമെന്ന വാക്കു സൂചിപ്പിക്കുന്ന പോലെ അത് ജനങ്ങളുടെ ആധിപത്യമാണ്. സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ജനങ്ങളുടെ ഇഛയാണ് നടപ്പാക്കേണ്ടത്. മുഴുവൻ ജനങ്ങളുടെയും ഇഛ ഒന്നാവില്ല എന്നതിനാൽ ഭൂരിപക്ഷ തീരുമാനം തന്നെയാണ് നടപ്പാക്കുക. 


എന്നാൽ ഇവിടെ നടക്കുന്നത് അതൊന്നുമല്ല എന്നതാണ് വസ്തുത. കൃത്യമായ രീതിയിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നു എന്ന കമ്യൂണിസ്റ്റ് പാർട്ടികളുടെ അവകാശ വാദത്തിന്റെ യാഥാർത്ഥ്യം എന്താണെന്ന് ഒരിക്കലെങ്കിലും അവയിൽ പ്രവർത്തിച്ചവർക്കറിയാം. മുകളിൽ നിന്നു കൊണ്ടുവരുന്ന ലിസ്റ്റ് അംഗീകരിക്കൽ മാത്രമാണ് തൊണ്ണൂറു ശതമാനവും നടക്കുന്നത്. അപൂർവം ചിലയിടങ്ങളിൽ അതിനെതിരെ ആരെങ്കിലും മത്സരിച്ചാൽ എന്തു കുതന്ത്രം നടത്തിയും തോൽപിക്കും. അഥവാ അതിനു കഴിയില്ലെങ്കിൽ അധികം താമസിയാതെ ആ ഘടകം പിരിച്ചുവിടും. ഇതാണ് എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളിലും നടക്കുന്നത്. വി.എസ്, പിണറായി ഗ്രൂപ്പിസം രൂക്ഷമായ കാലത്ത് ഇത് പകൽ പോലെ പ്രകടമായതുമാണ്. ഇപ്പോൾ പാർട്ടി ഏറെക്കുറെ ഒരാളുടെ നിയന്ത്രണത്തിലായതിനാൽ അതു പോലും ഇല്ലാതായി. എന്നിട്ടും അപൂർവം ചിലയിടങ്ങളിൽ നിന്ന് അത്തരം വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. പാർട്ടിക്കകത്തെ തെരഞ്ഞെടുപ്പു മാത്രമല്ല, പോഷക സംഘടനകളിലെ തെരഞ്ഞെടുപ്പും നിയന്ത്രിക്കുന്നത് പാർട്ടി തന്നെ. ഫലത്തിൽ ജനാധിപത്യ മൂല്യങ്ങളൊന്നും പാലിക്കാതെയാണ് കമ്യൂണിസ്റ്റ് പാർട്ടികളിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. കോൺഗ്രസിലാകട്ടെ അതുമുണ്ടാകാറില്ല. സമവായം അല്ലെങ്കിൽ ഹൈക്കമാന്റ് തീരുമാനം. അതാണവിടെ നടപ്പാക്കുക. 
 

Latest News