മക്ക - ചെറിയ ഇടവേളക്ക് ശേഷം സൗദിയിൽ വീണ്ടും റെയ്ഡ് ശക്തമാക്കി. വിവിധ സുരക്ഷാ വകുപ്പുകളാണ് നിയമലംഘകർക്ക് വേണ്ടിയുള്ള പരിശോധനയിൽ സജീവമായത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ നിരവധി പേർ പിടിയിലായി.

മക്കയിൽ മാത്രം അനധികൃത താമസക്കാരായ 175 പേരെയാണ് പിടികൂടിയത്. ഇഖാമ, തൊഴിൽ നിയമ ലംഘകർ കഴിയുന്ന കെട്ടിടങ്ങൾ മുൻകൂട്ടി നിർണയിച്ച് അർധ രാത്രി ആരംഭിച്ച റെയ്ഡ് പുലർച്ചെ വരെ നീണ്ടു. കട്ടിലുകൾക്ക് താഴെയും വാട്ടർ ടാങ്കുകളിലും മറ്റും ഒളിച്ച് രക്ഷപ്പെടുന്നതിനുള്ള നിയമ ലംഘകരുടെ ശ്രമങ്ങൾ സുരക്ഷാ സൈനികർ പരാജയപ്പെടുത്തി.

വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളരെ സ്വദേശങ്ങളിലേക്ക് നാടു കടത്തുന്നതിനു വേണ്ടി പിന്നീട് ശുമൈസി ഡീപോർട്ടേഷൻ സെന്ററിലേക്ക് അയച്ചു.






