Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലേക്കെന്ന്

ന്യൂദല്‍ഹി- ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ അവസാനത്തോടെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയം സെക്രട്ടറി രാജീവ് ബന്‍സല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും ലോക്ഡൗണ്‍ കാരണം നിര്‍ത്തിവച്ചത്. തുടര്‍ന്ന് അടിയന്തര, അവശ്യ സര്‍വീസുകള്‍ മാത്രമാണ് നടന്നിരുന്നത്. ഉപാധികളോടെ മാത്രം സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്ന എയര്‍ ബബ്ള്‍ നീക്കുപോക്കുകളുണ്ടാക്കിയാണ് രാജ്യാന്തര സര്‍വീസുകള്‍ നടന്നുവരുന്നത്. വിവിധ രാജ്യങ്ങളുമായി ഇത്തരം 25 കരാറുകളിലാണ് ഇന്ത്യ ഒപ്പുവച്ചത്. 

രാജ്യാന്തര വിമാന സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നപടികളുടെ ഭാഗമായി സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും വീണ്ടും കോവിഡ് തരംഗം രൂക്ഷമായി വരുന്ന ഘട്ടത്തില്‍ ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളെ ഇതു ബാധിച്ചേക്കും. പല യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സ്ഥിതിയാണിപ്പോള്‍.

ഡൊമസ്റ്റിക് വിമാന സര്‍വീസുകള്‍ കഴിഞ്ഞ മാസം മുതല്‍ പൂര്‍ണതോതില്‍ അനുവദിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിത്തുടങ്ങുന്നതിനു മുന്നോടിയായി നവംബര്‍ 15 മുതല്‍ സര്‍ക്കാര്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങിയിരുന്നു.
 

Latest News