ജയലളിതയുടെ വീട് ഏറ്റെടുത്ത തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

ചെന്നൈ- തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ജെ ജയലളിതയുടെ ചെന്നൈയിലെ വീടായ പോയസ് ഗാര്‍ഡനിലെ വേദ നിലയം തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. നിയമപരമായ അവകാശികളായ ജയലളിതയുടെ ബന്ധുക്കള്‍ ജെ ദീപയും ജെ ദീപകുമാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നത്. മുന്‍ അണ്ണാ ഡിഎംകെ സര്‍ക്കാരാണ് വേദ നിലയം മുന്‍ മുഖ്യമന്ത്രിയുടെ സ്മാരകമാക്കി മാറ്റാന്‍ ഏറ്റെടുത്തത്. വീട് സ്മാരകമാക്കി മാറ്റാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തവും അവകാശവും ഉണ്ടെന്ന് അണ്ണാ ഡിഎംകെ പറഞ്ഞിരുന്നു. തമിഴ്‌നാട് ജനതയുടേയും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടേയും പൂര്‍ണമനസ്സോടെയാണ് വേദ നിലയം ഏറ്റെടുക്കുന്നതും മുന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പിളര്‍ന്ന അണ്ണാ ഡിഎംകെ വീണ്ടും ഒന്നിപ്പിക്കുന്നതിനു മുന്നോട്ടു വച്ച ഉപാധികളില്‍ ഒന്നായിരുന്നു വേദ നിലയം ഏറ്റെടുത്ത് സ്മാരകമാറ്റി മാറ്റല്‍. മുന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ സ്വത്ത് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 67.9 കോടി രൂപ കോടതിയില്‍ കെട്ടിവച്ചിരുന്നു. എന്നാല്‍ ജയലളിതയുടെ അനന്തരാവകാശികളായി കോടതി പ്രഖ്യാപിച്ച ജെ ദീപയും ജെ ദീപകും ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ തങ്ങളുടെ അവകാശ സ്വത്ത് തട്ടിപ്പറിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു.
 

Latest News