തിരുവനന്തപുരം- അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തിരുന്ന ആന്ധ്രാ ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാന്‍ മുന്‍ഗണന നല്‍കണമെന്ന് കാരയോട് (സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി) ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അവര്‍ക്കു മുന്‍ഗണന നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് സംസ്ഥാനം ഇടപെട്ടത്. മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തി മുന്‍ഗണന നല്‍കണം. കാരയില്‍ രജിസ്റ്റര്‍ ചെയ്താല്‍ രാജ്യത്ത് എവിടെ നിന്നും ദത്തെടുക്കാം. അവര്‍ക്ക് ആ അവസരം നഷ്ടമാകരുതെന്നും മാനുഷിക പരിഗണന ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് കൊണ്ടുവരുമ്പോള്‍ തന്നെ ഇതിനുള്ള നടപടി തുടങ്ങിയിരുന്നതായി മന്ത്രി വെളിപ്പെടുത്തി. ആന്ധ്രയിലെ ദമ്പതികളുമായി ഇക്കാര്യങ്ങള്‍ നേരിട്ടു സംസാരിച്ചിട്ടില്ല. അവര്‍ താമസിക്കുന്ന ജില്ലയിലെ കലക്ടറുമായും സി.ഡബ്ല്യൂ.സി അധികൃതരുമായുമാണ് സംസാരിച്ചത്. പ്രാദേശിക ഭാഷ മാത്രം അറിയുന്ന ദമ്പതികളോട് ദ്വിഭാഷിയാണ് സംസാരിച്ചത്.
ഭരണ സംവിധാനത്തിന്റെ ഇരയല്ലേ അനുപമ-അജിത് ദമ്പതികള്‍ എന്ന ചോദ്യത്തിന് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണത്തിലൂടെ അത് വ്യക്തമാകണമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ സമയോചിതമായി ഇടപെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കേസില്‍ കക്ഷിയല്ലാഞ്ഞിട്ടും ഉത്തരവാദിത്തമുള്ള സര്‍ക്കാരെന്ന നിലയില്‍ വിവരങ്ങള്‍ കോടതിയെ അറിയിച്ചു. അല്ലെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാകുമായിരുന്നു. ഡി.എന്‍.എ ഫലം എത്രയും വേഗം കുടുംബ കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.