വിവാഹ ഘോഷയാത്ര കാരണം 63 കോഴികള്‍ ചത്തു, ഒഡീഷയില്‍ അപൂര്‍വ കേസ്

ഭുവനേശ്വര്‍- സംഗീതവും വെടിക്കെട്ടും നൃത്തവുമായി നടത്തിയ വിവാഹ ഘോഷയാത്ര 63 കോഴികള്‍ ചാകുന്നതിന് കാരണമായെന്ന് ആരോപിച്ച് കേസ്. ഒഡീഷയിലെ കോഴി ഫാമിനു മുന്നിലൂടെ  ചെവി പിളരുന്ന ശബ്ദത്തോടെയാണ് ഘോഷയാത്ര കടന്നു പോയതെന്ന് ഫാം ഉടമ രഞ്ജിത് കുമാര്‍ പരിദ പരാതിപ്പെട്ടു.

വലിയ ശബ്ദം കോഴികളെ ഭയപ്പെടുത്തുന്നതിനാല്‍ ശബ്ദം കുറയ്ക്കാന്‍ ബാന്‍ഡ് ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ കേട്ടില്ലെന്നും മറിച്ച് വരന്റെ സുഹൃത്തുക്കള്‍ ആക്രോശിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം  പറഞ്ഞു.

ഹൃദയാഘാതം മൂലമാണ് കോഴികള്‍ ചത്തതെന്ന് മൃഗഡോക്ടര്‍ പറഞ്ഞുവെന്നും വിവാഹ സംഘാടകര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ്  പോലീസില്‍ പരാതി നല്‍കിയതെന്നും പരിദ പറഞ്ഞു.

ഉച്ചത്തിലുള്ള ശബ്ദം പക്ഷികളില്‍ ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് പുസ്തകം രചിച്ച സുവോളജി പ്രൊഫസര്‍ സൂര്യകാന്ത മിശ്ര അഭിപ്രായപ്പെട്ടു.

ഇരുകൂട്ടരോടും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ് പോലീസ്. അതിനുശേഷമേ ആവശ്യമെങ്കില്‍ നടപടികളിലേക്ക് നീങ്ങൂയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News