Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി  തൃണമൂലിലേക്ക്? മമതയുമായി കൂടിക്കാഴ്ച ഇന്ന് 

ന്യൂദല്‍ഹി-ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യന്‍ സ്വാമി ഇന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 3.30 തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ ദല്‍ഹിയിലുള്ള വസതിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. മമതാ ബാനര്‍ജി അഞ്ചു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുന്നുണ്ട്.  കഴിഞ്ഞ മാസം ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സുബ്രമണ്യന്‍ സ്വാമി, മമത ബാനര്‍ജിയെ പ്രശംസിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്. ഒക്ടോബറില്‍ റോമില്‍ നടന്ന ആഗോള സമാധാന സമ്മേളത്തില്‍ പങ്കെടുക്കാന്‍ മമതാ ബാനര്‍ജിക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും സുബ്രമണ്യന്‍ സ്വാമി പ്രതിഷേധമറിയിച്ചിരുന്നു.
മാത്രമല്ല, നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമതയുടെ കാലിന് പരിക്കേറ്റപ്പോള്‍ സ്വാമി ആയുരാരോഗ്യ സൗഖ്യം നേരുകയും ചെയ്തു. ഇത് ബംഗാള്‍ ബി.ജെ.പിയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. മമത ബാനര്‍ജി 'പക്കാ ഹിന്ദുവും ദുര്‍ഗ ഭക്തയും' ആണെന്നും അവരുടെ രാഷ്ട്രീയം വ്യത്യസ്തമാണെന്നുമാണ് 2020ല്‍ സുബ്രമണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്. രാജ്യസഭാംഗമായ സുബ്രമണ്യന്‍ സ്വാമി, സാമ്പത്തിക - വിദേശ നയങ്ങളില്‍ താന്‍ നരേന്ദ്ര മോഡിക്കെതിരെയാണെന്ന് രണ്ട് മാസം മുമ്പ് വ്യക്തമാക്കിയിരുന്നു. മോഡി ഇന്ത്യയുടെ രാജാവല്ലെന്നും ഒരു ട്വീറ്റില്‍ സ്വാമി വിമര്‍ശിച്ചു. അന്താരാഷ്ട്ര തലത്തില്‍ അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും രാജ്യത്തിന് മാനക്കേടുണ്ടാക്കിയെന്നും അയല്‍രാഷ്ട്രങ്ങളെല്ലാം ഇന്ത്യയുമായി അകലുകയാണ് ചെയ്തിട്ടുള്ളതെന്നും സ്വാമി ആരോപിച്ചു.
ഹിന്ദുത്വ വാദിയും ജനതാ പാര്‍ട്ടി സ്ഥാപകനുമായ സുബ്രമണ്യന്‍ സ്വാമിയെ 2011ല്‍ ഇസ്‌ലാം  വിരുദ്ധ തീവ്ര  നിലപാടുകളുടെ പേരില്‍ അമേരിക്കയിലെ ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റി അധ്യാപക സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. തങ്ങളുടെ മുന്‍ഗാമികള്‍ ഹിന്ദുക്കളാണെന്ന് അംഗീകരിക്കുന്ന മുസ്‌ലിംകള്‍ക്കു മാത്രമേ ഇന്ത്യയില്‍ വോട്ടവകാശം നല്‍കാവൂ എന്നതടക്കമുള്ള പ്രസ്താവനകളുമായി ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരിലാണ് ഹാവാര്‍ഡ് നടപടിയെടുത്തത്.
 

Latest News