Sorry, you need to enable JavaScript to visit this website.

സിഐ സുധീറിനെതിരെ നടപടിയെടുക്കണം; പോലീസ്  സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരവുമായി ജനപ്രതിനിധികള്‍

ആലുവ-ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ സിഐ സുധീറിനെതിരെ പ്രതിഷേധം ശക്തം. സുധീറിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ആത്മഹത്യക്ക് പിന്നാലെ സുധീറിനെ ചുമതലകളില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും ഇന്ന് രാവിലെ ഇയാള്‍ സ്‌റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. സുധീറിനെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റി നടപടിയെടുക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. സസ്പന്‍ഡ് ചെയ്ത് കേസെടുക്കണം, ഇതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല. ഉത്ര വധക്കേസിലടക്കം അദ്ദേഹം നിരുത്തരവാദപരമായി പെരുമാറിയിരുന്നു. പിന്നെ എന്തിനാണ് സുധീറിനെ മേലുദ്യോഗസ്ഥരും സര്‍ക്കാരും പിന്തുണക്കുന്നത്? ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതല സുധീറിനു നല്‍കരുതെന്നാണ് മേലുദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. എന്നിട്ടും ആലുവ സ്‌റ്റേഷന്‍ ചുമതല നല്‍കി. അവര്‍ തന്നെയാണ് സുധീറിനെ സംരക്ഷിക്കുന്നതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. കൂടുതല്‍ ജനപ്രതിനിധികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷനിലെത്തി. ബെന്നി ബെഹനാന്‍ അന്‍വര്‍ സാദത്ത് എംഎല്‍എയ്‌ക്കൊപ്പം സമരത്തില്‍ പങ്കുചേര്‍ന്നു. ഒരു മാസം മുന്‍പ് ഈ കുട്ടി പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ തയ്യാറായില്ല. പോലീസ് സ്‌റ്റേഷനിലും വനിതാ കമ്മീഷനും പരാതി നല്‍കി. എന്നിട്ടും നടപടിയില്ല. കുട്ടിയുടെ മരണത്തിന് ഉത്തരവാദി ഈ പോലീസ് ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ബെന്നി ബെഹനാന്‍ പ്രതികരിച്ചു.ഇതിനിടെ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഗേറ്റ് ചാടിക്കടന്ന ചിലര്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ പ്രവേശിക്കുകയും ചെയ്തു.ഉത്ര കൊലക്കേസിന്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആരോപണ വിധേയനായ എല്‍.സുധീര്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഉത്ര കേസില്‍ ഇയാളുടെ വീഴ്ചയെപ്പറ്റിയുള്ള ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂര്‍ത്തിയായത്. അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് ഇതിനു മുന്‍പും സുധീര്‍ വിവാദം ഉണ്ടാക്കിയിട്ടുണ്ട്. 2020 ജൂണില്‍ നടന്ന ഈ സംഭവത്തില്‍ അന്ന് അഞ്ചല്‍ സിഐ ആയിരുന്ന ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിരുന്നു. കൊല്ലം റൂറല്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇയാള്‍ ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാര്‍ശ.
 

Latest News